വ്യാജ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം;ഉത്തര്‍പ്രദേശില്‍ അഞ്ചംഗ സംഘം പിടിയില്‍

പ്രതികളില്‍ നിന്ന് കൊവിഷീല്‍ഡിന്റെ വ്യാജ പതിപ്പ്, സൈകോവ് ഡി വാക്‌സിന്‍, റെംഡെസിവര്‍ ഇന്‍ജെക്ഷന്‍, കൊവിഡ് പരിശോധനാ കിറ്റ് എന്നിവയാണ് പടിച്ചെടുത്തു

Update: 2022-02-07 09:07 GMT

ഉത്തര്‍പ്രദേശ്:വാരണാസിയില്‍ നാലു കോടിയോളം വരുന്ന കൊവിഡ് പരിശോധനാ കിറ്റുമായി വ്യാജ വാക്‌സിന്‍ നിര്‍മ്മിക്കുന്ന അഞ്ചംഗ സംഘം പോലിസ് പിടിയില്‍.ഒഴിഞ്ഞ കൊവിഡ് വാക്‌സിന്‍ കുപ്പികളില്‍ വെള്ളം നിറച്ച് ആശുപത്രികളില്‍ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്.രാകേഷ് തവാനി, സന്ദീപ് ശര്‍മ്മ, അരുണേഷ് വിശ്കര്‍മ്മ, ബാല്ലിയ സ്വദേശി ഷംഷേര്‍, എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് കൊവിഷീല്‍ഡിന്റെ വ്യാജ പതിപ്പ്, സൈകോവ് ഡി വാക്‌സിന്‍, റെംഡെസിവര്‍ ഇന്‍ജെക്ഷന്‍, കൊവിഡ് പരിശോധനാ കിറ്റ് എന്നിവയാണ് പടിച്ചെടുത്തു.ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനും ഉത്തര്‍പ്രദേശ് പോലിസിലെ പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ഇവര്‍ രാജ്യമൊട്ടാകെ വ്യാജ വാക്‌സിനുകള്‍ വിതരണം ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു. വാരണാസിയിലെ രോഹിത് നഗറില്‍ വീടെടുത്താണ് പ്രതികള്‍ വ്യാജ മരുന്ന് നിര്‍മ്മിച്ചതെന്ന് പോലിസ് പറഞ്ഞു. ഒഴിഞ്ഞ കൊവിഡ് വാക്‌സിന്‍ കുപ്പികളില്‍ വെളളം നിറച്ചായിരുന്നു വില്‍പന.ഗര്‍ഭ പരിശോധന സ്ട്രിപ്പ് ഉപയോഗിച്ചാണ് വ്യാജ പരിശോധന കിറ്റ് നിര്‍മ്മിച്ചത്. പരിശോധനാ സ്ട്രിപ്പിന്റെ പാക്കിങും റാപ്പറും മാറ്റുക മാത്രമാണ് ചെയ്തിരുന്നതെന്നും പോലിസ് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്ന് ഒമ്പതുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

വാരണാസിയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ ഡല്‍ഹിയിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് ബിഹാറില്‍ സൈകോവ് ഡി വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍, അതിന് മുമ്പ് തന്നെ സൈകോവ് ഡിയുടെ വ്യാജനെ ഈ സംഘം വിപണിയിലെത്തിച്ചിരുന്നു. വാരണാസിയിലെ ആശുപത്രികളിലൂടെ ഈ വ്യാജ വാക്‌സിനുകള്‍ വില്‍പന നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.

Tags:    

Similar News