വിമാന സമയം നാലു പ്രാവശ്യം നീട്ടിവച്ചു, ഒടുവില്‍ റദ്ദാക്കി; പ്രവാസികളോട് ക്രൂരത കാണിച്ച് സ്‌പൈസ് ജെറ്റ്
ശനിയാഴ്ച്ച രാത്രി 7.05ന് ആയിരുന്നു കരിപ്പൂരില്‍ നിന്നും വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നത്. വിമാനം എത്താതിരുന്നതോടെ ഇത് ഞായറാഴ്ച്ച രാവിലെ 8 മണിയിലേക്ക് നീട്ടിയതായി അറിയിച്ചു.
ശനിയാഴ്ച്ച രാത്രി 7.05ന് ആയിരുന്നു കരിപ്പൂരില്‍ നിന്നും വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നത്. വിമാനം എത്താതിരുന്നതോടെ ഇത് ഞായറാഴ്ച്ച രാവിലെ 8 മണിയിലേക്ക് നീട്ടിയതായി അറിയിച്ചു. ഇതനുസരിച്ച് യാത്രക്കാരില്‍ പലരും വീട്ടിലേക്കു മടങ്ങി. രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനം വീണ്ടും വൈകുമെന്ന അറിയിപ്പാണ് നല്‍കിയത്. ഏറ്റവും ഒടുവിലായി രാത്രി 11.30ന് എത്തുമെന്നാണ് വിമാനത്താവളത്തിലെ സ്‌പൈസ് ജെറ്റ് കൗണ്ടറില്‍ നിന്നും അറിയിച്ചത്. പിന്നീട് വിമാനം റദ്ദാക്കിയെന്നും പണം ഒരാഴ്ച്ചക്കകം റീഫണ്ട് ചെയ്യും എന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
ഇന്ന് ദുബൈയില്‍ എത്തിയില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുന്നയാളും ഫാമിലി വിസ റദ്ദാകുന്ന കുടുംബാംഗങ്ങളും യാത്രമുടങ്ങിയവരില്‍ ഉണ്ട്. സ്‌പൈസ് ജെറ്റില്‍ നേരത്തെ 12500 രൂപ നല്‍കി ബുക്ക് ചെയ്ത വിമാന ടിക്കറ്റിന് ഇന്ന് ഫ്‌ളൈ ദുബൈ എയര്‍ലൈന്‍സ് വാങ്ങുന്നത് 60000 രൂപയാണ്. സ്‌പൈസ് ജെറ്റില്‍ തന്നെ മറ്റൊരു ദിവസത്തേക്ക് ബുക്ക് ചെയ്യാന്‍ കരിപ്പൂര്‍ ദുബൈ നിരക്ക് 31000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളിത്തിലുണ്ടായിരുന്ന എം കെ രാഘവന്‍ എ പി പ്രശ്‌നത്തില്‍ ഇടപെട്ട് സ്‌പൈസ് ജെറ്റ് അധികൃതരുമായി സംസാരിച്ചു. വൈകിട്ട് അഞ്ചരയോടെ സ്‌പൈസ് ജെറ്റ് മാനേജര്‍ എത്തുമെന്നും രാത്രി 11.30ന് വിമാനം പുറപ്പെടുമെന്നുമായിരുന്നു എം കെ രാഘവനോട് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ എം പി പോയശേഷം പിന്നീട് 11.30നുള്ള വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ അറിയിക്കുകയായിരുന്നു.