മാള: കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മഴയെത്തുടര്‍ന്ന് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഏകദേശം നൂറ് ഏക്കര്‍ വരുന്ന പാലക്കാത്ത് പാടശേഖരത്തില്‍ വെള്ളം നിറഞ്ഞു. വെള്ളം നിറഞ്ഞതോടെ പാകമായ നെല്ല് കൊയ്യാനാവാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായിരിക്കയാണ്. ശനിയാഴ്ച കൊയ്യ്ത്ത് നടത്തുന്നതിന് പാടശേഖര ഭാരവാഹികള്‍ കൊയ്ത്ത് യന്ത്രം വരെ ഏര്‍പ്പാടാക്കിയിരുന്നതാണ്. അതിനിടയിലാണ് മഴ പെയ്തത്. കൊയ്യ്ത്ത് യന്ത്രത്തിന്റെ വാടക മണിക്കൂറിന് രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്.
നെല്ല് പാകമായതിനെത്തുടര്‍ന്ന് മുളച്ചു തുടങ്ങിയിട്ടുണ്ട്. ഇനി മഴ മാറി പാടത്ത് നിന്ന് വെളളം വറ്റിയാലെ കൊയ്യ്ത്ത് നടത്താന്‍ സാധിക്കൂ. ഇതു കാരണം കര്‍ഷകര്‍ ആശങ്കയിലാണ്. വെള്ളാങ്കല്ലൂര്‍ ജംഗ്ഷന് വടക്ക് ഭാഗത്തുള്ള അന്‍പത് ഏക്കര്‍ വരുന്ന കണ്ണോളിച്ചിറ പാടശേഖരം, ആനക്കല്‍ പാടശേഖരം എന്നിവയും വെള്ളത്തിലായതിനെ തുടര്‍ന്ന് നെല്‍കര്‍ഷകര്‍ ബൂദ്ധിമുട്ടിലായിട്ടുണ്ട്.
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കാരുമാത്ര മുതല്‍ പാലപ്രക്കുന്ന് വരെ നീണ്ട് കിടക്കുന്നതാണ് പാലക്കാത്ത് പാടശേഖരം.