നാദാപുരത്ത് ചെമ്മീന്‍ കഴിച്ച് വീട്ടമ്മ മരിച്ചു;ഭക്ഷ്യ വിഷബാധയെന്ന് സംശയം,ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം

ഇവര്‍ ചെമ്മീന്‍ വാങ്ങിയ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് താല്‍കാലികമായി അടച്ചിട്ടു

Update: 2022-05-21 03:57 GMT

കോഴിക്കോട്: ചെമ്മീന്‍കറി കഴിച്ചതിനെത്തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ക്ക് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.പയന്തോങ്ങ് ചിയ്യൂരിലെ കരിമ്പാലങ്കണ്ടി സുലൈഖ (46) യാണ് മരിച്ചത്.മരണ കാരണം ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചു.ഇവര്‍ ചെമ്മീന്‍ വാങ്ങിയ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് താല്‍കാലികമായി അടച്ചിട്ടു.നാദാപുരം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്‍കിയ പ്രാഥമിക വിവരം.കൂടാതെ ആമാശയത്തില്‍ അണുബാധ ഉണ്ടായതായും സംശയമുണ്ട്.രാസപരിശോധന നടത്തുന്നതിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ.

ചൊവ്വാഴ്ച സുലൈഖയടക്കം വീട്ടിലെ എല്ലാവരും ചെമ്മീന്‍കറി കഴിച്ചിരുന്നു. വീട്ടിലെ മറ്റാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടില്ല. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സുലൈഖയ്ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വിദഗ്ധചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Tags:    

Similar News