ഭക്ഷ്യസുരക്ഷാ പദ്ധതി: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പരിശോധനകള്‍ തുടരുന്നു.

Update: 2022-05-10 13:59 GMT

മാള: ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പരിശോധനകള്‍ തുടരുന്നു. ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെ കണ്ടെത്തി. ഭക്ഷ്യവിഷബാധ തടയുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് കരൂപ്പടന്ന, മുസാഫിരിക്കുന്ന്, പെഴുംകാട്, കോണത്ത്കുന്ന്, വെള്ളാങ്ങല്ലൂര്‍ സെന്റര്‍ എന്നിവടങ്ങളിലെ ബാര്‍ ഹോട്ടലുകള്‍, ബേക്കറികള്‍, ടീ ഷോപ്പുകള്‍, മീന്‍ തട്ടുകള്‍, സ്‌റ്റേഷണറി കടകള്‍, പെറ്റ് ഷോപ്പുകള്‍, ഫുഡ് പ്രോസ്സസ്സിംഗ് യൂനിറ്റുകള്‍ എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തിയത്. 

പരിശോധനയില്‍ പഴകിയ എണ്ണ ഉപയോഗിക്കുന്ന രണ്ട് സ്ഥാപനങ്ങളെയും വ്യത്തിഹീനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളെയും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നെസ്സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നാല് സ്ഥാപനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

ആകെ 22 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.13 എണ്ണത്തിന് നോട്ടിസ് നല്‍കുകയും 5,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എ അനില്‍കുമാര്‍, ജൂനിയര്‍ എച്ച് ഐ മാരായ എസ് ശരത്കുമാര്‍, എം എം മദീന, കെ എസ്, ഷിഹാബുദ്ദീന്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്‍ സനല്‍ സുകുമാരന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധനകള്‍ തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഋഷി അറിയിച്ചു.

Similar News