വിഷമങ്ങള്‍ മറന്ന് അവര്‍ ചങ്ങാത്തപ്പന്തലില്‍ ഒത്തുകൂടി

ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏഞ്ചല്‍ സ്റ്റാര്‍സിന്റെ ഏഴാം വാര്‍ഷികം ചങ്ങാത്തപ്പന്തല്‍ 2020 ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ അങ്ങണത്തിലാണ് അരങ്ങേറിയത്.

Update: 2020-02-10 16:45 GMT

കോഴിക്കോട്: പാവാട വേണം മേലാട വേണം. . . . വേദനകള്‍ മറന്ന് പരപ്പനങ്ങാടി സ്വദേശിയായ ദില്‍ഷാദ് പാടുകയാണ്. ജന്മനാ ശരീരത്തിന് വളര്‍ച്ചയില്ല. ആരുടെയെങ്കിലും സഹായമില്ലാതെ പുറത്തൊന്നും പോകാനും കഴിയില്ല. വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന ദില്‍ഷാദ് ചങ്ങാത്തപ്പന്തലിന്റെ വേദിയിലെത്തിയപ്പോള്‍ ആവേശഭരിതനായി. സ്വയം മറന്ന് ദില്‍ഷാദ് പാടിയപ്പോള്‍ ചങ്ങാത്തപ്പന്തലില്‍ ആ പാട്ട് നിറച്ചത് തേന്‍ തുള്ളിയുടെ മാധുര്യം. ദില്‍ഷാദ് മാത്രമല്ല ഉയരത്തില്‍ നിന്ന് വീണ് കിടപ്പിലായ മധു വെങ്ങളവും പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന അനിഷയുമെല്ലാം പാട്ടുകള്‍ പാടി. ആടിയും പാടിയും കൂട്ട് കൂടിയും ചങ്ങാത്തപ്പന്തല്‍ പങ്കെടുത്തവര്‍ക്കെല്ലാം നല്‍കിയത് അവിസ്മരണീയമായ അനുഭവങ്ങള്‍.


ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏഞ്ചല്‍ സ്റ്റാര്‍സിന്റെ ഏഴാം വാര്‍ഷികം ചങ്ങാത്തപ്പന്തല്‍ 2020 ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ അങ്ങണത്തിലാണ് അരങ്ങേറിയത്. ഏയ്ഞ്ചല്‍സ് പ്രസിഡന്റ് പ്രഭാകരന്‍, സെക്രട്ടറി സാബിറ, വൈസ് പ്രസിഡന്റ് ബിനേഷ് ചേമഞ്ചേരി, വാര്‍ഡ് മെമ്പര്‍ സത്യനാഥന്‍ മാടഞ്ചേരി, സംവിധായകന്‍ നൗഷാദ് ഇബ്രാഹിം, വളണ്ടിയര്‍മാരായ പ്രകാശന്‍, കോയ, മിനി, ഗഫൂര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. മണിദാസ് പയ്യോളി, മധുലാല്‍, രവി കാപ്പാട്, ഫൈസല്‍ പയ്യോളി, മഷൂദ് കാപ്പാട്, നിസാര്‍ കാപ്പാട്, ബിജേഷ്, പ്രശാന്ത്, ബ്രൂസ് ലി അക്ഷയ് എന്നിവര്‍ക്കൊപ്പം തുല്യതാ പഠിതാക്കളും പരിപാടികള്‍ അവതരിപ്പിച്ചു.


ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തില്‍ പെട്ട് ജീവിതം വീല്‍ചെയറിലായ പ്രഭാകരനും ചേര്‍ന്നാണ് ഏയ്ഞ്ചല്‍സ് ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതം അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു സംഘടനയുടെ ആരംഭം. വര്‍ഷത്തില്‍ രണ്ടു തവണ കലാവിരുന്നും കിടപ്പിലായ രോഗികളുടെ ഒത്തുചേരലും സംഘടിപ്പിക്കും. വയ്യാത്തവരെ വീടുകളില്‍ പോയി കണ്ട് പരിപാടിക്ക് എത്തിക്കും. സാമ്പത്തികമായിവളരെ പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് സ്വയം തൊഴിലിന് വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കും. യുവാക്കളായ നിരവധി വളണ്ടിയര്‍മാര്‍ ഇവര്‍ക്ക് സഹായവുമായി ഒപ്പമുണ്ട്. പ്രയാസങ്ങളെയെല്ലാം നേരിട്ടുകൊണ്ട് ഏയ്ഞ്ചല്‍സ് മുന്നോട്ട് പോവുകയാണ്.


വേച്ചുപോവുന്ന പാദങ്ങളും വിറകൊള്ളുന്ന കരങ്ങളും ഉലയുന്ന മേനിയുമാണെങ്കിലും തങ്ങള്‍ തളരില്ലെന്ന് പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഒരുമിച്ച് പറഞ്ഞു. ഒന്നിച്ചൊരു താളമായി മനസ്സില്‍ വന്നു നിറയും.. സൗഹൃദത്തിന്റെ സംഗീതം നിറയ്ക്കും.. ഒരു വര്‍ഷത്തേക്കുള്ള മധുരതരമായ ഓര്‍മ്മകളും നെഞ്ചേറ്റിയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് പരിപാടിക്കെത്തിയവരെല്ലാം മടങ്ങിയത്.

Tags:    

Similar News