മുംബൈ: എന്‍സിഎച്ച്ആര്‍ഒ പ്രഥമ ചെയര്‍പേഴ്‌സണും മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് ഹൊസ്‌ബെറ്റ് സുരേഷ് അന്തരിച്ചു. 91 വയസ്സായിരുന്നു. 2002 ലെ ഗുജറാത്ത് കലാപം, കശ്മീരിലെ മനുഷ്യാവകാശ ലംഘനം, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു.
മുംബൈ സര്‍ക്കാര്‍ ലോ കോളജില്‍ പാര്‍ട്ട് ടൈം പ്രഫസറായിരുന്ന ജസ്റ്റിസ് സുരേഷ് മുംബൈ സിറ്റി സിവില്‍ കോര്‍ട്ടിലാണ് പ്രാക്റ്റീസ് ആരംഭിച്ചത്. പിന്നീട് രാജിവച്ച് ബോംബെ ഹൈക്കോടതിയിലേക്ക് മാറി. 1991 ല്‍ വിരമിച്ചു.
ഗുജറാത്ത് കലാപത്തിനു ശേഷം രൂപം കൊടുത്ത വസ്തുതാന്വേഷണ സംഘത്തില്‍ അംഗമായിരുന്നിട്ടുണ്ട്. കലാപകാരികളെ തടയരുതെന്ന് പോലിസിന് നിര്‍ദേശം നല്‍കിയിരുന്നെന്ന് മുന്‍ ആഭ്യന്തര മന്ത്രി ഹരെന്‍ പാണ്ഡ്യ ഈ സംഘത്തോടാണ് വെളിപ്പെടുത്തിയത്. പാണ്ഡ്യ പിന്നീട് 2003 ല്‍ കൊലചെയ്യപ്പെട്ടു.
ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ കടുത്ത വിമര്‍ശരിലൊരാളായിരുന്നു ജസ്റ്റിസ് സുരേഷ്. 2002 ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നീതി നടപ്പായില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. 1984 ലെ സിക്ക് കൂട്ടക്കൊലയെ കുറിച്ചും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. വര്‍ഗീയകലാപങ്ങളില്‍ നമ്മുടെ രാജ്യത്ത് ഒരിക്കലും നീതി നടപ്പാകാറില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.