ബംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിയു(എസ്) മേധാവിയുമായ ദേവഗൗഡ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ അടക്കം നാല് പേരാണ് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഐകകണ്‌ഠ്യേന രാജ്യസഭയിലെത്തിയത്.
ഭരണകക്ഷിയായ ബിജെപി അശോക് ഗാസ്തി, എരന്ന കടാടി എന്നീ രണ്ട് പേരെയാണ് രാജ്യസഭയിലെത്തിച്ചത്.
താന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ മല്ലികാര്‍ജനുന്‍ കാര്‍ഗെ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി പാര്‍ട്ടി എംപി രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നന്ദി അറിയിച്ചു.
''രാജ്യസഭയിലേക്ക് പോകാനുള്ള അവസരം നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയോടും രാഹുല്‍ഗാന്ധിയോടും നന്ദി പറയുന്നു''-അദ്ദേഹം പറഞ്ഞു.
ജനതാദളിനു വേണ്ടി ദേവഗൗഡയാണ് മല്‍സരിക്കുകയെന്ന് തിങ്കളാഴ്ചയാണ് പാര്‍ട്ടി പ്രഖ്യപിച്ചത്.
രാജീവ് ഗൗഡ, ബി കെ ഹരിപ്രസാദ്(ഇരുവരും കോണ്‍ഗ്രസ്), പ്രഭാകര്‍ കോര്‍(ബിജെപി), ഡി കുപേന്ദ്ര റെഡ്ഡി(ജെഡിഎസ്) എന്നിവര്‍ വിരമിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.