പാര്‍ലമെന്റ് ആര്‍എസ്എസ് ഓഫിസല്ല; ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ

Update: 2023-05-25 16:52 GMT

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് ആരോപിച്ച് 21ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനെതിരേ ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ രംഗത്ത്. പാര്‍ലമെന്റ് മന്ദിരം ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ഓഫിസ് അല്ലെന്നും രാജ്യത്തിന്റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം പാര്‍ട്ടി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാര്‍ലമെന്റ് നിര്‍മിച്ചത്. ബഹിഷ്‌കരിക്കാന്‍ അത് ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ ഓഫിസ് അല്ല. ഇത് ആരുടെയും വ്യക്തിപരമായ പരിപാടിയല്ല. രാജ്യത്തിന്റെ പരിപാടിയാണ്. ബിജെപിയുമായി രാഷ്ട്രീയപരമായി നിരവധി വിയോജിപ്പുകള്‍ ഉണ്ടെങ്കിലും പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ദേവഗൗഡ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറിന്റെ ജന്മദിനം തിരഞ്ഞെടുത്തതും വിമര്‍ശിച്ചിരുന്നു. നേരത്തേ ബിഎസ്പി നേതാവ് മായാവതിയും ബഹിഷ്‌കരണത്തിന് എതിരായിരുന്നു. എന്‍ഡിഎ സഖ്യത്തിനു പുറത്തുള്ള തെലുങ്കുദേശം പാര്‍ട്ടി(ടിഡിപി), വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവരാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച പാര്‍ട്ടികള്‍.

Tags:    

Similar News