ദേവഗൗഡ പറഞ്ഞത് കള്ളമെങ്കില്‍ പിണറായി കേസ് കൊടുക്കട്ടെയെന്ന് കെ സുധാകരന്‍

Update: 2023-10-20 12:48 GMT

തിരുവനന്തപുരം: ബിജെപിക്കൊപ്പം ചേരുന്നതിന് പിണറായി പൂര്‍ണ സമ്മതം നല്‍കിയെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പറഞ്ഞത് കള്ളമാണെങ്കില്‍ അദ്ദേഹത്തിനെതിരേ കേസ് കൊടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ എസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തോല്‍പിക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ അവര്‍ മൂന്നു തവണ ജയിച്ച ബംഗെപ്പള്ളിയില്‍ തോറ്റ് മൂന്നാം സ്ഥാനത്തുപോയപ്പോള്‍ കോണ്‍ഗ്രസാണ് അവിടെ ജയിച്ചത്. ജനാധിപത്യ വിശ്വാസികളെല്ലാം കോണ്‍ഗ്രസിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം അധ്വാനിച്ചപ്പോള്‍ പിണറായിയും സംഘവും കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് ബിജെപിയുടെ രഥമുരുട്ടാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളുടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രബിന്ദു പിണറായി വിജയനാണ്. രാജ്യത്തെ ജനാധിപത്യ മതേതരശക്തികള്‍ 'ഇന്‍ഡ' മുന്നണി രൂപീകരിച്ചപ്പോള്‍ അതിന്റെ ഏകോപന സമിതിയിലേക്ക് സിപിഎം കേന്ദ്രനേതൃത്വം പ്രതിനിധിയെ വിടാതിരുന്നത് പിണറായിയുടെ നിര്‍ദേശ പ്രകാരമാണ്. സിപിഎം എന്ന ദേശീയ കക്ഷിയുടെ മുകളില്‍ കേരള സിപിഎമ്മും അതിനു മുകളില്‍ കണ്ണൂര്‍ സിപിഎമ്മും അതിനെല്ലാം മുകളില്‍ പിണറായി വിജയനുമാണെന്നും സുധാകരന്‍ ആഞ്ഞടിച്ചു.

    കേന്ദ്ര ഏജന്‍സികള്‍ കൈയാമംവയ്ക്കുമെന്ന് ഭയന്ന് ബിജെപിയുടെ കാലുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനിരൂപമാണ് ദേവഗൗഡയുടെ വാക്കുകളില്‍ക്കൂടി പുറത്തുവന്നത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൈയാമംവയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭയം. ദേവഗൗഡ പറഞ്ഞതിലെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിനെ ബിജെപിയിലേക്കുള്ള പാലമായാണ് ഇടതുമുന്നണിയിലും മന്ത്രിസഭയിലും പിണറായി വിജയന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ലാവ്‌ലിന്‍ കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബിജെപിക്കേതിരേ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കൈയിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിനെന്നും സുധാകരന്‍ പറഞ്ഞു. ബിജെപിക്കെതിരെയോ മോദിക്കെതിരെയോ ഒരക്ഷരം ഉരിയാടാനുള്ള തന്റേടം പിണറായിക്കില്ല. കേന്ദ്രം കേരളത്തിന് അര്‍ഹമായ ധനസഹായം പലവട്ടം നിഷേധിച്ചിട്ടും പ്രതിഷേധിക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിച്ച് പിണറായിയെ അധികാരത്തിലേറ്റിയതിന്റെ നന്ദി സൂചകമായാണ് ബിജെപി അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് ഇഡിക്ക് വിടാതെ പിണറായി വിജയന്‍ ചവിട്ടിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News