ആര്‍എസ്എസിനെ താങ്ങിനിര്‍ത്തുന്ന നാലാംതൂണുകള്‍

Update: 2022-09-26 13:53 GMT
ആര്‍എസ്എസിനെ താങ്ങിനിര്‍ത്തുന്ന നാലാംതൂണുകള്‍

അഭിലാഷ് പടച്ചേരി

ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് മാധ്യമങ്ങളിലൂടെയാണ്. ജനങ്ങളറിയാതെ ഭരണകൂടം തയ്യാറാക്കുന്ന, ജനങ്ങളെ ബാധിക്കുന്ന പദ്ധതികളെ കുറിച്ച്, ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ കുറിച്ച്, ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ കുറിച്ച്, ഒക്കെ അവരെ ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണ്. ആ ഉത്തരവാദിത്വം കൃത്യമായി ചെയ്യുമ്പോഴേ മാധ്യമപ്രവര്‍ത്തനം ധാര്‍മ്മികമാവൂ.

സ്വന്തം സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുവദിച്ചുകിട്ടിയാല്‍ മതിയെന്ന നിലപാടിലാണ് മാധ്യമങ്ങള്‍ എന്ന് പറഞ്ഞത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഏഷ്യാനെറ്റ് സ്ഥാപകനും ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം (എസിജെ) ചെയര്‍മാനുമായ ശശികുമാര്‍ ആണ്.   ആഗോളവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഫലമായി ജനജീവിതം ദുസ്സഹമാവുകയും ജനാധിപത്യ സങ്കല്‍പ്പവും സ്ഥാപനങ്ങളും ദുര്‍ബലമായിക്കൊണ്ടിരിക്കുമ്പോള്‍ അതിജീവനത്തിന്റെ പേര് പറഞ്ഞ് ആഗോള സാമ്രാജ്യത്വത്തിന് വേണ്ടി സംസാരിക്കുന്നവരാവുകയാണ് മാധ്യമങ്ങള്‍. 

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ കൂട്ട അറസ്റ്റ് രാജ്യത്തെ ജനാധിപത്യ പ്രശ്‌നമായി അഭിസംബോധന ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാത്തതെന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അടിച്ചമര്‍ത്തലിനെതിരേ നിലകൊണ്ടില്ലെന്ന് മാത്രമല്ല, അപസര്‍പ്പ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. കാരണം കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ കഴിഞ്ഞ ജുലായ് അഞ്ചിന് കോഴിക്കോട് ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കേരളത്തിലെ ഒരു വിഭാഗം മാധ്യമ ഉടമകളുടെയും എഡിറ്റര്‍മാരുടെയും യോഗമാണ് അന്ന് നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, ജനം ടി.വി, അമൃത ടിവി എന്നീ ചാനലുകളുടെയും മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക, മംഗളം, ജന്മഭൂമി, മെട്രോവാര്‍ത്ത തുടങ്ങിയ പത്രങ്ങളുടെയും മേധാവികളെയാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.

മാതൃഭൂമി എംഡി എം വി ശ്രേയാംസ്‌കുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, ദീപിക എംഡി ഫാ. മാത്യൂ ചന്ദ്രന്‍കുന്നേല്‍, മംഗളം എംഡി സാജന്‍ വര്‍ഗീസ്, ജന്മഭൂമി എഡിറ്റര്‍ കെഎന്‍ആര്‍ നമ്പൂതിരി, ഏഷ്യാനെറ്റ് ന്യൂസ് റീജനല്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പി ഷാജഹാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംഘപരിവാര്‍ വിരുദ്ധ മാധ്യമങ്ങളെ യോഗത്തില്‍ നിന്ന് ഒഴിവാക്കാനും അവര്‍ മറന്നില്ല. കൈരളി, മീഡിയ വണ്‍, റിപോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളെയും ദേശാഭിമാനി, മാധ്യമം, ജനയുഗം, ചന്ദ്രിക തുടങ്ങിയ പത്രങ്ങളുമൊക്കെ ഒഴിവാക്കിയവയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എങ്കിലും പോപുലര്‍ ഫ്രണ്ടിനെതിരായ ഭരണകൂട അടിച്ചമര്‍ത്തല്‍ ഉണ്ടായപ്പോള്‍ സംഘപരിവാര്‍ മാറ്റി നിര്‍ത്തപ്പെട്ട മാധ്യമങ്ങളില്‍ മീഡിയ വണ്ണും മാധ്യമവും ഒഴികെ മറ്റെല്ലാവരും ആര്‍എസ്എസ് പക്ഷം ചേര്‍ന്നു.

ജന്മഭൂമിയെ കടത്തിവെട്ടാനാണ് ന്യൂസ് 18 കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ചയെ ഉപയോ?ഗിച്ചത്. എന്‍ഐഎ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി ഛര്‍ദ്ദിക്കുന്ന മാധ്യമ അശ്ലീലമായിരുന്നു കഴിഞ്ഞ ദിവസം ന്യൂസ് 18 ചര്‍ച്ചയില്‍ കണ്ടത്. ആദ്യ ദിനത്തില്‍ മീഡിയ വണ്ണില്‍ സ്മൃതി പരുത്തിക്കാടിന്റെ ഉറഞ്ഞുതുള്ളല്‍ കണ്ടപ്പോള്‍ ആര്‍എസ്എസ് ശാഖയില്‍ നിന്ന് വന്ന് ചര്‍ച്ച നയിക്കുന്നതായാണ് അനുഭവപ്പെട്ടത്. ഇതേ ആളുകള്‍ പോപുലര്‍ ഫ്രണ്ട് നിരോധനം ആവശ്യമാണെന്ന് പറയാതെ പറയുമ്പോള്‍, ഏത് നാലാം തൂണിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന ചോദ്യം ന്യായമാണ്. ആര്‍എസ്എസിനെ താങ്ങിനിര്‍ത്തുന്ന നാലാം തൂണുകള്‍ എന്ന് പുനര്‍നാമകരണം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags:    

Similar News