തിരുവനന്തപുരം: വീടുകളിലെ കിടപ്പു രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ടിവരുന്ന വൈദ്യുതി പൂര്‍ണമായും സൗജന്യമായി നല്‍കുന്ന പദ്ധതി കാര്യക്ഷമമാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. പദ്ധതിയുടെ ഇളവുകള്‍ സംബന്ധിച്ച് ഫീല്‍ഡ് ജീവനക്കാരുടെ ഇടയില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കണം. കെ.എസ്.ഇ.ബി.എല്‍ ആസ്ഥാനത്ത് ഡിസ്ട്രിബ്യൂഷന്‍ വിഭാഗം ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിതരണ മേഖലയില്‍ 429.09 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയില്‍ 65 മെഗാവാട്ട് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ആദിവാസി കോളനികളുടെയും അംഗനവാടികളുടെയും വൈദ്യുതീകരണം പുരോഗമിക്കുന്നു. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനായി കഴിഞ്ഞ ആറു മാസത്തിനകം 13,242 കി.മി. പഴയ കണ്ടക്ടര്‍ മാറ്റി സ്ഥാപിച്ചു. സ്മാര്‍ട്ട് മീറ്ററിംഗ് ഉള്‍പ്പെടെ പതിനായിരം കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ള ആര്‍.ഡി.എസ്.എസ് പദ്ധതിയുടെ രൂപരേഖ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.