ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ന്‍ അന്തരിച്ചു

Update: 2023-03-02 01:23 GMT

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ന്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മരണമെന്ന് ഫോണ്ടെയ്‌ന്റെ മുന്‍ ക്ലബ് റെയിംസ് പ്രസ്താവനയില്‍ അറിയിച്ചു. ഒരൊറ്റ ലോകകപ്പില്‍ കൂടുതല്‍ ഗോളടിച്ച താരമാണ് ജസ്റ്റ് ഫോണ്ടെയ്ന്‍. 1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് ഫോണ്ടെയ്ന്‍ അടിച്ചുകൂട്ടിയത്. 65 വര്‍ഷത്തിനുശേഷവും തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡാണിത്.

1953- 1960 കാലത്ത് ഫ്രാന്‍സിന് വേണ്ടി 21 കളികള്‍ കളിച്ച താരം 30 ഗോളുകള്‍ നേടി. യുഎസ്എം കസബ്ലാങ്ക, നീസ്, റെയിംസ് ക്ലബ്ബുകള്‍ക്കായി ഫോണ്ടെയ്ന്‍ കളിച്ചു. ക്ലബ് കരിയറില്‍ 283 മത്സരങ്ങളില്‍ 259 ഗോളുകളും താരം സ്‌കോര്‍ ചെയ്തു. 1962 ജൂലൈയില്‍ താരം വിരമിച്ചു. കാലിലുണ്ടായ പൊട്ടല്‍ മൂലം കളി അവസാനിപ്പിക്കുമ്പോള്‍ ഫോണ്ടെയ്‌ന് വെറും 28 വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് പരിശീലക വേഷത്തിലെത്തിയ താരം പിഎസ്ജി അടക്കമുള്ള ക്ലബ്ബുകളെ പരിശീലിപ്പിച്ചു.

Tags:    

Similar News