സിപിഎമ്മിലെ ഫണ്ട് തട്ടിപ്പ്: ടി ഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് തരംതാഴ്ത്തിയേക്കും

Update: 2022-06-14 18:46 GMT

കണ്ണൂര്‍: കണ്ണൂരിലെ പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ എംഎല്‍എ ടിഐ മധുസൂദനനെതിരേ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു. അദ്ദേഹത്തെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് തരംതാഴ്ത്തിയേക്കുമെന്നാണ് സൂചന. ധനരാജ് രക്തസാക്ഷി, തിരഞ്ഞെടുപ്പ് ഫണ്ടുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

ഫണ്ട് തിരിമറി വന്ന ഉടന്‍ ആറ് നേതാക്കള്‍ക്കെതിരേ പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എംഎല്‍എ ടി ഐ മധുസൂദനന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍, ഓഫിസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, മുന്‍ ഏരിയാ സെക്രട്ടറി കെ പി മധു, മറ്റൊരു പ്രാദേശിക പ്രവര്‍ത്തകനായ സജീവ് എന്നിവര്‍ക്കെതിരേയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം കാരണംകാണിക്കല്‍ നോട്ടിസ് അയച്ചത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിര്‍മാണ ഫണ്ട് എന്നിവയില്‍ തിരിമറി നടന്നതായാണ് ആരോപണം. രക്തസാക്ഷി കുടുംബ സഹായ ഫണ്ട് ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ പാര്‍ട്ടി ഫണ്ട് തട്ടിപ്പാണ് നടന്നത്. കഴിഞ്ഞ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ലോക്കല്‍ സമ്മേളനങ്ങള്‍ മുതല്‍ ഈ ഫണ്ട് വെട്ടിപ്പ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിരുന്നു.

15,000 പേരില്‍ നിന്ന് 1,000 രൂപ വീതം പിരിച്ച് ചിട്ടി നടത്തിയാണ് ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മാണത്തിന് പണം കണ്ടെത്തിയത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക ചിട്ടിക്കണക്കില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ലക്ഷങ്ങള്‍ വെട്ടിച്ചത്. 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ടിലും ക്രമക്കേട് നടത്തിയിരുന്നു. സ്വകാര്യ പ്രസില്‍ നിന്ന് വ്യാജ രസീതി അടിച്ചായിരുന്നു വെട്ടിപ്പ്. സ്വകാര്യ പ്രസ് ഉടമ പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ എംഎല്‍എയുടെ പേര് വെളുപ്പെടുത്തിയിരുന്നു. 60 ലക്ഷത്തിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയ വിവരം ഏറ്റവും ഒടുവിലാണ് പുറത്തുവന്നത്.

Tags:    

Similar News