ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടി തന്നെ; കൃത്യം ചെയ്യാന്‍ സുഹൃത്തുമായി ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച്
ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദയെ കേസില്‍പെടുത്തി ഒഴിവാക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് കണ്ടെത്തല്‍. ഗംഗേശാനന്ദയുടെ സഹായിയാണ് അയ്യപ്പദാസ്
തിരുവനന്തപുരം: പേട്ട ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപോര്‍ട്ട്. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. കേസില്‍ ഇരുവരെയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദയെ കേസില്‍പെടുത്തി ഒഴിവാക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് കണ്ടെത്തല്‍. ഗംഗേശാനന്ദയുടെ സഹായിയാണ് അയ്യപ്പദാസ്.
2017ല്‍ നടന്ന സംഭവത്തില്‍ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഇക്കാലയളവിനിടെ വന്ന സാഹചര്യത്തില്‍ സംഭവത്തിന്റെ എല്ലാ വശവും പരിശോധിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അനുമാനം. സംഭവ ദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലത്തെ കടല്‍ത്തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. അയ്യപ്പദാസാണ് ലിംഗം മുറിക്കാന്‍ കത്തി വാങ്ങി നല്‍കിയത്. ലിംഗം മുറിക്കുന്നതിനെക്കുറിച്ച് ഇരുവരും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ട്. അന്ന് തന്നെ സ്വാമിയുടെ ലിംഗം മുറിക്കുകയും ചെയ്തു.
2017 മെയ് 20നാണ് സംഭവം നടന്നത്. കൊല്ലം പന്മ ആശ്രമത്തിലെ അന്തേവാസിയായ ഹരിയെന്ന ഗംഗേശാനന്ദ തീര്‍ത്ഥ പാദകരുടെ ജനനേന്ദ്രിയും 23 കാരിയായ പെണ്‍കുട്ടി മുറിക്കുകയായിരുന്നു. വര്‍ഷങ്ങളായി യുവതിയുടെ കുടുംബവുമായി ബന്ധമുള്ള സ്വാമി പ്ലസ് വണ്ണിന് പഠിക്കുന്ന കാലം മുതല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ യുവതിയുടെ കുടുംബം ഈ ആരോപണത്തെ തളളി. യുവതി കള്ളം പറയകയായിരുന്നെന്നായിരുന്നു വീട്ടുകാരുടെ മൊഴി. ഇതിനിടെ യുവതിയുടെ പീഡന പരാതിയില്‍ ഗംഗേശാനന്ദയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.
എന്നാല്‍ അന്വേഷണത്തിനിടെ പെണ്‍കുട്ടി മൊഴി മാറ്റി. കാമുകന്‍ അയ്യപ്പദാസാണ് ഗംഗേശാനന്ദയെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിലവില്‍ ഗംഗേശാനന്ദയ്‌ക്കെതിരെ ആദ്യം എടുത്ത കേസില്‍ ഇനി കുറ്റപത്രം സമര്‍പ്പിക്കാമോയെന്ന നിയമോപദേശവും ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചു മാറ്റിയെന്നായിരുന്നു സ്വാമി ആദ്യം നല്‍കിയ മൊഴി. പിന്നീട് ഇദ്ദേഹവും ഇത് മാറ്റിപ്പറഞ്ഞു. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ പിന്നീട് പറഞ്ഞു. തനിക്കെതിരെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.