കര്‍ണാടകയില്‍ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു; വെള്ളം പുറത്തേക്ക്; ജാഗ്രത നിര്‍ദ്ദേശം
ബെംഗളൂരു: കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു. പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പൊട്ടിയത്. ഇതിനെത്തുടര്‍ന്ന് ഡാമില്‍ നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
ഒരുലക്ഷത്തോളം ക്യൂസക്‌സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളിലാണ് അതീവ ജാഗ്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അപകടം അണക്കെട്ടില്‍ സംഭവിക്കുന്നത്. ഡാമില്‍ നിന്ന് 60,000 മില്യണ്‍ ക്യുബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടാല്‍ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപണികള്‍ സാധ്യമാകൂ എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.