ബെംഗളൂരു: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേശിനെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക കോടതിയില്‍ 17 പ്രതികള്‍ക്കെതിരേ കുറ്റപത്രം വായിച്ചു. പ്രതികളിലൊരാളായ മോഹന്‍ മാലിക്കിനെതിരേ കുറ്റപത്രം തയ്യാറാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് 17 പേരുടെയും കുറ്റപത്രം കോടതിയില്‍ വായിച്ചത്. പ്രത്യേക ജഡ്ജി അനില്‍ ഭീമണ്ണ കാത്തിയാണ് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം വായിച്ചത്.
വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രതികള്‍ കോടതിയില്‍ ഹാജരായി. ചില പ്രതികള്‍ പരപ്പന അഗ്രഹാര ജയിലിലും ചിലര്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലും മറ്റുള്ളവര്‍ യെര്‍വാദ ജയിലിലുമാണ്. കന്നഡ, മറാത്തി ഭാഷകളിലാണ് കുറ്റപത്രം വായിച്ചത്.
വിചാരണ ഡിസംബര്‍ 8ന് ആരംഭിക്കും. ഗൗരി ലങ്കേഷ് വധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച പ്രതികള്‍ അഭിഭാഷകരെ ജയിലില്‍ കാണുന്നതിന് അനുമതി തേടി. കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു.
കോടിയുടെ അറിവോടെയല്ലാതെ ജയിലില്‍ നിന്ന് പ്രതികളെ മാറ്റരുതെന്ന് ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 2017 സപ്തംബര്‍ 5നാണ് ഗൗരി ലങ്കേഷ് വധിക്കപ്പെട്ടത്. ആര്‍എസ്എസ് അടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകരായിരുന്നു കൊലയ്ക്കു പിന്നില്‍. അവരുടെ ഹിന്ദു ദൈവങ്ങള്‍ക്കെതിരേയുളള പരാമര്‍ശം നിരവധി എതിരാളികളെ ഉണ്ടാക്കിയിരുന്നു. മാവോവാദികളെ മുഖ്യധാരയിലെത്തിക്കാനും അവര്‍ ശ്രമിച്ചിരുന്നു.
2015 ആഗസ്റ്റ് 30ന് കല്‍ബുര്‍ഗിയുടെ മരണത്തിനു ശേഷമാണ് ഗൗരി ലങ്കേശ് കൊല്ലപ്പെടുന്നത്. കല്‍ബുര്‍ഗിയും ഹിന്ദു ദൈവങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്തിരുന്ന എഴുത്തുകാരനാണ്.
സംഭവത്തില്‍ അമോല്‍ കാലെ, അമിത് ബഡ്ഡി, പരശുറാം വാഗ്മോര്‍, ഗണേഷ് മിസ്‌കിന്‍, അമിത് ദേഗ്വേക്കര്‍, ഭരത് കുറാനെ, രാജേഷ് ഡി. ബംഗേര, സുധന്‍വ ഗോണ്ഡലേക്കര്‍, മോഹന്‍ നായക് എന്‍., സുരേഷ് എച്ച്.എല്‍, ശരദ് ബി. കലാസ്‌കര്‍, വാസുദേവ് ബി, സൂര്യവംശി, സുജിത്കുമാര്‍, മനോഹര്‍ യാദവെ, ശ്രീകാന്ത് യാദവെ, ജെ.പഗാര്‍ക്കര്‍, കെ ടി നവീന്‍ കുമാര്‍, റുഷികേശ് ദേവദേക്കര്‍ എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.