ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ ഇനി ഓണ്‍ലൈന്‍ വിസ
റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലുള്ള വിദേശികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇനി ഓണ്‍ലൈന്‍ വിസ മതി. യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ താമസരേഖയുള്ള വിദേശികള്‍ക്കാണ് ഓണ്‍ലൈനായി സന്ദര്‍ശന വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചത്. സൗദി അറേബ്യയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 2019 ല്‍ ആരംഭിച്ച പ്രത്യേക വിസയാണ് ടൂറിസ്റ്റ് വിസ. ഇത് മള്‍ട്ടിപ്പിള്‍ ആയും സിംഗിളായും ലഭിക്കും. അമേരിക്ക, ബ്രിട്ടന്‍ വിസകളുള്ള മറ്റു രാജ്യക്കാര്‍ക്കും ഓണ്‍ അറൈവലായി വിസ നേരത്തെ തന്നെയുണ്ട്. ഇതിന് പുറമെയാണ് ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കും സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.
visitsaudi.com/visa എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ വഴിയെടുക്കുന്ന ഇ- വിസ ഉപയോഗിച്ച് കരമാര്‍ഗവും വിമാന മാര്‍ഗവും സൗദിയിലേക്ക് പ്രവേശിക്കാം. വിസ ലഭിക്കാന്‍ യോഗ്യതയുള്ള പ്രഫഷനുകള്‍ ഓണ്‍ലൈന്‍ അപേക്ഷ ഫോമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റസിഡന്റ് കാര്‍ഡില്‍ യോഗ്യരായ പ്രഫഷനുള്ളവര്‍ വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകരുടെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറുമാസത്തെയും താമസരേഖയ്ക്ക് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കപ്പെട്ടാല്‍ മന്ത്രാലയത്തിന്റെ പരിശോധനയ്ക്കുശേഷം ഇ- മെയിലായി വിസ ലഭിക്കും. വിനോദ സഞ്ചാര ആവശ്യത്തിനും ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും ഈ വിസ ഉപയോഗിക്കാനാവും. ഒറ്റത്തവണയും പലതവണയും വന്നുപോവാവുന്ന രണ്ടുതരം വിസകളും ലഭ്യമാണ്. 300 റിയാലാണ് വിസയുടെ ഫീസ്. ഇതിന് പുറമെ 140 റിയാല്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവും വഹിക്കണം. ക്രെഡിറ്റ് കാര്‍ഡോ മദാ കാര്‍ഡോ പണമടക്കാന്‍ ഉപയോഗിക്കാം.
ഹജ്ജ് നിര്‍വഹിക്കുന്നതിന് ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് വിലക്കുണ്ട്. എന്നാല്‍, സൗദിയിലെത്തിയ ശേഷം ഓണ്‍ലൈന്‍ ആപ്പ് വഴി പെര്‍മിറ്റെടുത്താല്‍ ഉംറ നിര്‍വഹിക്കാവുന്നതാണ്. ജിസിസി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മൂന്നുമാസമെങ്കിലും കാലാവധിയുള്ള വിസയോ റസിഡന്‍സി കാര്‍ഡോ ഉണ്ടായിരിക്കണമെന്നും ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം മാത്രമേ വരാനാവൂ. കൂടാതെ സൗദി ഇ വിസ പോര്‍ട്ടലില്‍ അംഗീകരിച്ച ജോലിയുള്ള ആളായിരിക്കണമെന്നും നിബന്ധനയുണ്ട്.