പോലിസിന് ഒരു ദിവസം അവധി നല്‍കൂ, ഹിന്ദുക്കളുടെ ശക്തി എന്തെന്ന് കാണാം; കലാപാഹ്വാനവുമായി ബിജെപി എംഎല്‍എ

ഇനി 'ലൗ ജിഹാദ്' കേസുകളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എംഎല്‍എ ആഹ്വാനം ചെയ്തു

Update: 2024-09-21 06:50 GMT

മുംബൈ: പോലിസിന് ഒരു ദിവസത്തേക്ക് അവധി നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തിയെന്താണെന്ന് മനസ്സിലാക്കിത്തരാമെന്ന് മഹാരാഷ്ട്രയിലെ കാന്‍കാവില്‍ നിന്നുള്ള ബിജെപി എംഎല്‍എ നിതേഷ് റാണ. ഇനി 'ലൗ ജിഹാദ്' കേസുകളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എംഎല്‍എ ആഹ്വാനം ചെയ്തു. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ വിളിച്ചാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും താന്‍ സുരക്ഷയൊരുക്കുമെന്നും നിതേഷ് റാണ പറഞ്ഞു.

മഹാരാഷ്ട്രയിലെ സാന്‍ഗലില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗത്തെക്കുറിച്ച് റാണെയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, താന്‍ ഒരു എംഎല്‍എയോ പാര്‍ട്ടി പ്രവര്‍ത്തകനോ എന്ന നിലയിലല്ല, ഹിന്ദു എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണ് ഇതെന്നുമാണ് റാണെയുടെ മറുപടി.

അതേസമയം, റാണെയുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് എഐഎംഐഎം നേതാവ് വാരിസ് പത്താന്‍ രംഗത്തെത്തി. ''പോലിസിന് 24 മണിക്കൂര്‍ അവധി കൊടുക്കാന്‍ റാണെ ആവശ്യപ്പെട്ടു. ആ 24 മണിക്കൂറില്‍ അദ്ദേഹം എന്ത് ചെയ്യുമെന്ന് എനിക്ക് അദ്ദേഹത്തോട് ചോദിക്കണം. ഞാന്‍ ഇതേ കാര്യം പറഞ്ഞിരുന്നെങ്കില്‍, ഞാന്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുമായിരുന്നു'' വാരിസ് പത്താന്‍ പറഞ്ഞു. നിതേഷ് റാണയുടേത് പ്രകോപനപരമായ പരാമര്‍ശമായിട്ടും കേസെടുക്കാതെ തിരഞ്ഞെടുപ്പിന് മുമ്പായി വര്‍ഗീയ കലാപത്തിന് കളമൊരുക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News