സ്വര്‍ണ കള്ളക്കടത്ത്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവെയ്ക്കണമെന്ന് അജ്മല്‍ ഇസ്മായീല്‍

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എന്‍ രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, നളിനി നെറ്റോ, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് ഉടന്‍ ചോദ്യം ചെയ്യണം

Update: 2022-06-07 13:18 GMT

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. പിണറായി വിജയന്‍ നടത്തിയ മുഴുവന്‍ വിദേശ യാത്ര സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം. നാളിതുവരെ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ പരിഹാസ്യനായി മാറിയിരിക്കുന്നു. അധികാരമുപയോഗിച്ച് എല്ലാ സത്യവും എക്കാലത്തും മൂടിവെക്കാനാവില്ല.

സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, മുഖ്യമന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന സി എന്‍ രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, നളിനി നെറ്റോ, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് ഉടന്‍ ചോദ്യം ചെയ്യണം. കോണ്‍സുലേറ്റ് ജനറല്‍ പിണറായി വിജയന്റെ വീട്ടിലെത്തിച്ച ബാഗില്‍ എന്തായിരുന്നു എന്നതു സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണം. ഇത്രയും കാലം നടന്ന അന്വേഷണങ്ങളെല്ലാം കേവലം ഒത്തുകളികളായിരുന്നു എന്നു സംശയമുണ്ട്. സെക്രട്ടറിയേറ്റിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ പ്രോട്ടോകോള്‍ ഓഫീസില്‍ നടന്ന തീപ്പിടുത്തത്തെക്കുറിച്ചും പുനരന്വേഷണം വേണം. 2016 മുതല്‍ നടന്ന സ്വര്‍ണ കള്ളക്കടത്തിലൂടെ നേടിയ പണമാണ് ഭരണത്തുടര്‍ച്ചയ്ക്കു പോലും വഴിയൊരുക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്ര ഗുരുതരമായ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ആദ്യം അന്വേഷണവുമായെത്തിയെങ്കിലും പിന്നീട് പിന്‍വാങ്ങിയത് ആര്‍എസ്എസ്സും സിപിഎമ്മും തമ്മിലുണ്ടാക്കിയ ധാരണയുടെ ഫലമാണെന്ന് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണ കള്ളക്കടത്തിന് നേതൃത്വം നല്‍കിയെന്ന ഗുരുതരമായ വെളിപ്പെടുത്തല്‍ കേസില്‍ മുഖ്യപ്രതി പട്ടികയിലുള്ള വ്യക്തി തന്നെ നടത്തിയ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ ഇനി പിണറായി വിജയന് ആ കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി. 

Tags:    

Similar News