ആര്‍ഡിഒ കോടതിയില്‍നിന്ന് തൊണ്ടി സ്വര്‍ണം മോഷണം പോയ സംഭവം; മുന്‍ സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
തിരുവനന്തപുരം: ആര്‍ഡിഒ കോടതിയിലെ തൊണ്ടി സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെയാണ് പേരൂര്‍ക്കട പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമ്പത്തികബുദ്ധിമുട്ട് വന്നപ്പോഴാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി. തിരുവനന്തപുരം ആര്‍ഡിഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറ് പവനില്‍ കൂടുതല്‍ സ്വര്‍ണവും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ മാസം 31ന് സബ് കലക്ടറുടെ പരാതിയിലാണ് പേരൂര്‍ക്കട പോലിസ് കേസെടുത്തത്.
കലക്ടറേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ മോഷ്ടിച്ച കേസ് വിജിലന്‍സിന് കൈമാറാന്‍ റവന്യൂവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഉത്തരവ് വൈകുന്നതില്‍ വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരുവര്‍ഷത്തോളം ശ്രീകണ്ഠന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷണം നടന്നത്. 2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്കെത്തിയത്. 2021 ഫെബ്രുവരിയില്‍ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ഇദ്ദേഹത്തെ പോലിസ് സംശയിച്ചിരുന്നു.