പ്രയാഗ് രാജില്‍ സര്‍ക്കാര്‍ പൊളിച്ച കെട്ടിടം പുനര്‍നിര്‍മിക്കണം; യുപി സര്‍ക്കാരിനെതിരേ അഖിലേഷ് യാദവ്
ലഖ്‌നോ: ഇന്ത്യന്‍ ഭരണഘടന ബിജെപിയുടെ ബുള്‍ഡോസറുകളെ തടഞ്ഞുനിര്‍ത്താന്‍ കെല്‍പ്പുള്ളതാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പ്രയാഗ് രാജില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞ വീട് പുനര്‍നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാചനകനിന്ദക്കെതിരേയുണ്ടായ രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ സൂത്രധാരന്‍ എന്നാരോപിച്ചാണ് പ്രയാഗ് രാജിലെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് സര്‍ക്കാര്‍ പൊളിച്ചത്. യഥാര്‍ത്ഥത്തില്‍ ജാവേദ് മുഹമ്മദിന്റെ ഭാര്യയുടെ പേരിലുള്ള വര്‍ഷങ്ങളായി നികുതി അടക്കുന്ന വീടാണ് സര്‍ക്കാരും പോലിസും ചേര്‍ന്ന് പൊളിച്ചത്.
നിയമവിരുദ്ധമായ ഈ നീക്കത്തിനെതിരേ നിലപാടെടുക്കാന്‍ ആവശ്യപ്പെട്ട് ഒരു പറ്റം അഭിഭാഷകര്‍ അലഹബാദ് ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു.
പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് തങ്ങള്‍ക്ക് ഇതുവരെ നോട്ടിസുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.
ബിജെപി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദക്കെതിരേ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. 15 വിദേശരാജ്യങ്ങളും അപലപിച്ച് രംഗത്തുവന്നു.