കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നു; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Update: 2022-12-13 07:04 GMT

തിരുവനന്തപുരം: റബര്‍, നാളികേര കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിലയിടിവ് മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന് ശേഷമാണ് പ്രതിഷേധം അരങ്ങേറിയത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് മോന്‍സ് ജോസഫാണ് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുവെന്ന് മന്ത്രി പി പ്രസാദ് മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് കര്‍ഷകര്‍ പ്രതിസന്ധിയിലാവുന്നത്.

റബര്‍ ഉള്‍പ്പടെയുള്ളവയുടെ വിലയിടിവിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയവും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. 1,788 കോടി രൂപ റബര്‍ കര്‍ഷകര്‍ക്ക് നല്‍കി. താങ്ങുവില ഉയര്‍ത്തുന്നതില്‍ കേന്ദ്രത്തിന് നിഷേധാത്മക നിലപാടാണ്. ഇറക്കുമതി പൂര്‍ണമായും തടയാതെ റബറിന്റെ വിലയിടിവ് അവസാനിക്കില്ല. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. യുഡിഎഫ് ചെയ്തത് അങ്ങനെയല്ല. റബറിന്റെ വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റബറിന്റെ താങ്ങുവില 250 രൂപയാക്കാമോ എന്നും മോന്‍സ് ജോസഫ് ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്തെ കര്‍ഷകരെ തകര്‍ക്കുന്നതില്‍ പ്രധാനമെന്ന കാര്യത്തില്‍ തങ്ങള്‍ക്കും സംശയമില്ല. ഇതില്‍ പ്രതിപക്ഷത്തിന് വ്യക്തമായ നിലപാടുണ്ട്. പ്രകടനപത്രികയില്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ ഇപ്പോഴെന്താണ് മിണ്ടാതിരിക്കുന്നത്, അവര്‍ എവിടെ പോയി.

സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. റബര്‍ ഇറക്കുമതി കൂടുകയാണെന്നും നാളികേര സംഭരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. കഷ്ടകാലത്തിലൂടെ കര്‍ഷകര്‍ കടന്ന് പോകുമ്പോള്‍ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ആളെ പറഞ്ഞ് പറ്റിക്കുകയാണെന്നും ആക്ഷേപിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.

Tags:    

Similar News