ഇന്ത്യയില്‍ ആദ്യ സംരംഭം: എസ്എംഎ രോഗത്തിന് സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി മരുന്ന്

Update: 2022-07-17 00:59 GMT

തിരുവനന്തപുരം: അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് ചികില്‍സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം (Risdiplam). ക്രൗഡ് ഫണ്ടിങ് മുഖേന മരുന്നുകളും സര്‍ക്കാര്‍ ഫണ്ട് മുഖേന ചികില്‍സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളൊരുക്കിയിരുന്നു. 14 കുട്ടികള്‍ക്ക് ഒരു വയലിന് ആറ് ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നല്‍കിയത്. 14 യൂനിറ്റ് മരുന്നുകളാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

21 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് നല്‍കാന്‍ തീരുമാനിച്ചത്. രണ്ട് കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരുന്ന് നല്‍കിയിരുന്നു. 12 കുട്ടികള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് വച്ച് മരുന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ നടത്തിയാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായിട്ടാണ് അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മരുന്ന് നല്‍കുന്നത്. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെയാണ് വിലപിടിപ്പുള്ള മരുന്നുകളും നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    

Similar News