സിദ്ദിഖ് കാപ്പന്‍ കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരണം: എം കെ രാഘവന്‍ എം പി
ഭരണകൂട പിന്തുണയോടെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എ. പറഞ്ഞു
കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരണമെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഏകോപന സമിതി രൂപീകരിക്കണമെന്നും എം കെ രാഘവന്‍ എം.പി. ഉത്തര്‍ പ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ് ക്ലബില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ മഥുര ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന സിദ്ധീഖ് കാപ്പന്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്. ഭരണകൂടങ്ങള്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭരണകൂട പിന്തുണയോടെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. ആശുപത്രിയില്‍ അദ്ദേഹത്തെ ചങ്ങലക്കിട്ടു പീഢിപ്പിക്കുന്നത് നീചവും ക്രൂരവുമായ മനോഭാവമാണ്. ഉത്തര്‍പ്രദേശിലെയും രാജ്യത്തെയും ഭരണാധികാരികള്‍ക്ക് ഈ മനോഭവമുണ്ടെന്നതാണ് ഇതില്‍ വ്യക്തമാക്കുന്നത്. രോഗം കൊണ്ട് അവശനായ ഒരു മനുഷ്യന്‍ രക്ഷപ്പെടുമെന്ന് കരുതാന്‍ വയ്യ. ഇത് പൊതുസമൂഹത്തിനും മാധ്യമ മേഖലയ്ക്കും വ്യക്തമായ സൂചനയാണ്. അര്‍ണബ് ഗോസാമിയുടെ കേസില്‍ തിടുക്കം കാട്ടിയ സുപ്രിം കോടതി പോലും
സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ പക്ഷപാത പരമായ നിലപാടുകളാണ് സ്വീകരിച്ചത്. ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കക്ഷികളും ഒരുമിച്ചു നിന്ന് സിദ്ധീഖ് കാപ്പന് ചികിത്സയും മനുഷ്യാവകാശവും ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ്, കെ.യു.ഡബ്ലു.ജെ. മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കെ.സി റിയാസ്, പി വിപുല്‍ നാഥ് , ദീപക് ധര്‍മ്മടം, കെ.എ. സയ്ഫുദീന്‍, ടി മുംതാസ്, പി.കെ. സജിത് സംസാരിച്ചു.