പിഎഫ് ഫയലിലെ അപാകത പരിഹരിക്കാന്‍ ലൈംഗികബന്ധം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി
കോട്ടയം: പ്രോവിഡന്റ് ഫണ്ടിലെ അപാകതകള്‍ പരിഹരിക്കുന്നതിനു ലൈംഗികമായി വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് അധ്യാപികയെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തിയ സംഭവത്തില്‍ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫിസര്‍ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി.
ഗവ എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫിസറും കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടുമാണ് പ്രതി. എന്‍ജിഒ യൂനിയന്റെ സജീവപ്രവര്‍ത്തകനുമാണ്.വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ ഉണ്ടാകും.
മാര്‍ച്ച് 10നാണ് സംഭവം. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചു. സാങ്കേതികപിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫിസര്‍ക്കും അപേക്ഷ കൊടുത്തു. സംസ്ഥാന നോഡല്‍ ഓഫിസര്‍ക്കേ പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഇതനുസരിച്ചാണ് വിനോയ് ചന്ദ്രനെ പരാതിക്കാരി ഫോണില്‍ വിളിച്ചത്.പ്രശ്‌നം പരിഹരിക്കാമെന്നേറ്റ ഇയാള്‍ വാട്‌സാപ്പില്‍ തന്നെ തിരികെവിളിക്കാന്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. പിന്നീട് നിരന്തരം വാട്‌സാപ്പില്‍ വിളിച്ചു. അശ്ലീലചുവയോടെ സംസാരിച്ചു.താന്‍ അടുത്തദിവസം കോട്ടയത്തെത്തുമെന്നും അവിടെ ഹോട്ടല്‍ മുറിയില്‍വെച്ച് പ്രശ്‌നം പരിഹരിച്ചുനല്‍കാമെന്നും ഇയാള്‍ അറിയിച്ചു.44 അളവിലുള്ള ഷര്‍ട്ട് വാങ്ങിക്കൊണ്ടുവരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥ വിജിലന്‍സ് എസ്പിയെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഷര്‍ട്ടുവാങ്ങിയ ഉദ്യോഗസ്ഥയ്ക്ക് അതില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി നല്‍കി.ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിന് പിന്നാലെ അടുത്ത മുറിയില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.