ഭരണകൂടങ്ങള്‍ സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുന്നു: പ്രഫ. കെ സച്ചിദാനന്ദന്‍

Update: 2020-07-25 15:41 GMT

മാള: ലോകത്തെമ്പാടും ഭരണകൂടങ്ങള്‍ സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഇന്നുള്ളതെന്നും ഇതില്‍ നിഷ്‌ക്രിയ പൊതു സമൂഹത്തിനും പങ്കുണ്ടെന്നും പ്രഫ. കെ സച്ചിദാനന്ദന്‍. സ്വാതന്ത്ര്യവും ഉത്തരവാദിത്തവും പുനര്‍ നിര്‍വ്വചിക്കപ്പെടുന്ന ഒരു കാലത്തേക്കാണ് നാം നീങ്ങുന്നത്. മാസ്‌കുകള്‍ക്ക് പിന്നില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാനും അടിയന്തിരാവസ്ഥയെ സാധാരണീകരിക്കാനും സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ അടിസ്ഥാന ജനാധിപത്യ വികാസത്തിന് ജനങ്ങളെ സജ്ജമാക്കുകയാണ് വേണ്ടത്.

വിവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഇ കെ ദിവാകരന്‍ പോറ്റിയുടെ 15ാം ചരമവാര്‍ഷികത്തില്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു സച്ചിദാനന്ദന്‍. പുതിയ ലോകം പുതിയ മനുഷ്യന്‍ എന്ന വിഷയത്തില്‍ ഗ്രാമിക ഫേസ്ബുക്ക് പേജിലൂടെയാണ് തത്സമയ പ്രഭാഷണം നടന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ദുരിതങ്ങള്‍ കൂടുതല്‍ ദൃശ്യമാക്കപ്പെട്ടു. പൊതുജനാരോഗ്യ വ്യവസ്ഥയും പൊതുവിതരണ ശൃംഖലയും ശക്തമാക്കേണ്ടതിന്റെ ആവശ്യം കൂടുതല്‍ ബോധ്യപ്പെടുത്തുകയും പ്രകൃതിയോട് കൂടുതല്‍ വിനയാന്വിതരാകേണ്ടതിന്റെ പ്രാധാന്യം കാട്ടിത്തരുകയും ചെയ്തു. വീണു കിട്ടിയ ഈ ഒഴിവുസമയം കൂടുതല്‍ ഒരുമ പുലര്‍ത്താനും കരുണ കാണിക്കാനും സര്‍വ്വ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണീ ലോകമെന്ന ബോധ്യത്തിലേക്കെത്താനും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ സമ്മേളനം സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്തെ സാഹിത്യ വിചാരങ്ങള്‍ എന്ന വിഷയത്തില്‍ കവി പി എന്‍ ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തി. ഇ കെ ദിവാകരന്‍ പോറ്റിയെ അനുസ്മരിച്ചു കോഴിക്കോട് സര്‍വ്വകലാശാല ഹിന്ദി വിഭാഗം മുന്‍ അധ്യക്ഷനും വിവര്‍ത്തകനുമായ ഡോ. ആര്‍സു സംസാരിച്ചു. ഡോ. വടക്കേടത്ത് പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി കെ കിട്ടന്‍, തുമ്പൂര്‍ ലോഹിതാക്ഷന്‍, ഇ കൃഷ്ണാനന്ദന്‍, വി കെ ശ്രീധരന്‍, ഇ കെ മോഹന്‍ദാസ് സംസാരിച്ചു.




Similar News