ലൈംഗികപീഡന പരാതി: കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്മാന് ഇന്ന് സ്ഥാനമൊഴിയും
ഒരുമാസം മുന്‍പാണ് കരാര്‍ തൊഴിലാളിയായ യുവതി കരുനാഗപ്പള്ളി കോട്ടയില്‍ രാജുവിനെതിരെ പീഡന പരാതി നല്‍കിയത്.
കൊല്ലം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ കോട്ടയില്‍ രാജു ഇന്ന് കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്മാന് സ്ഥാനമൊഴിയും. ഒരുമാസം മുന്‍പാണ് കരാര്‍ തൊഴിലാളിയായ യുവതി കരുനാഗപ്പള്ളി കോട്ടയില്‍ രാജുവിനെതിരെ പീഡന പരാതി നല്‍കിയത്. കേസില്‍ പീഡനത്തിന് പുറമെ പട്ടികജാതി പീഡന നിരോധന നിയമവും പോലിസ് ഉള്‍പ്പെടുത്തി.
സംഭവം വിവാദമായതോടെ രാജു ഉടന്‍ സ്ഥാനമൊഴിയണമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു. തീരുമാനം റിപോര്‍ട്ട് ചെയ്യാന്‍ വിളിച്ച എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് രാജുവും എട്ട് കൗണ്‍സിലര്‍മാരും വിട്ടു നിന്നു. ഇതോടെ, നവംബര്‍ 20ന് സ്ഥാനമൊഴിയണമെന്ന് പാര്‍ട്ടി അന്ത്യശാസനം നല്കി. ഫയലുകള്‍ തീര്‍പ്പാക്കാന്‍ സാവകാശം വേണമെന്ന രീതിയില്‍ ഭരണം എട്ടു ദിവസം കൂടി നീണ്ടു.