ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ട, ബില്ലില്‍ ഒപ്പുവയ്ക്കില്ല; സര്‍ക്കാരിനും വിസിക്കുമെതിരേ പോര് തുടര്‍ന്ന് ഗവര്‍ണര്‍
ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗുണ്ടയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസില്‍ ഇര്‍ഫാന്‍ ഹബീബ് തെരിവുഗുണ്ടയെപ്പോലെ പെരുമാറി. ഇതാണോ അക്കാദമിക് വിദഗ്ധരുടെ ജോലി. താന്‍ തെറ്റായ പരാമര്‍ശം നടത്തിയാല്‍ ആക്രമിക്കുയാണോ ചെയ്യേണ്ടത്. ഈ ക്രിമിനല്‍ മനോനിലയെക്കുറിച്ചാണ് താന്‍ പറയുന്നത്. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവൃത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാവില്ല. ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് പ്രതിഷേധമല്ല, ഗൂഢാലോചനയുടെ ഭാഗമായുള്ള ആക്രമണമായിരുന്നു.
ഡല്‍ഹിയില്‍ വച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയുമുണ്ടായി. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ ഗൂഢോലോചനയിലെ കൂട്ടുപ്രതിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. വിസി ക്ഷണിച്ചാണ് താന്‍ പരിപാടിക്കെത്തിയത്, സുരക്ഷാ വീഴ്ചയുണ്ടായാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തം. കണ്ണൂര്‍ വിസിയുടെ ക്രിമിനല്‍ മൈന്‍ഡ് വ്യക്തമാക്കാനാണ് ഇത് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ, പരാതിക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ല. കണ്ണൂര്‍ വിസിക്കെതിരേ പരാതി നല്‍കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അത് മൂന്ന് വര്‍ഷം മുമ്പ് ആവാമായിരുന്നു.
വ്യക്തിപരമായ പ്രശ്‌നമായല്ല ഇതിനെ കാണുന്നത്. അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ലെന്ന് ഇര്‍ഫാന്‍ ഹബീബ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരളത്തില്‍ എഫ്ബി പോസ്റ്റിന് വരെ ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. എന്നാല്‍, ഗവര്‍ണര്‍ക്കെതിരേ ആക്രമണമുണ്ടായിട്ട് നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണ്. ആര്‍എസ്എസിന്റെ ആളാണെന്ന വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു.
സര്‍വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുന്ന ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍ക്കാരിനെ സര്‍വകലാശാലകളില്‍ ഇടപെടാന്‍ അനുവദിക്കില്ല. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, താന്‍ ഒപ്പുവയ്ക്കില്ല. തന്റെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഒപ്പിടില്ല. താന്‍ ഒപ്പുവയ്ക്കാതെ ഒന്നും നിയമമാവില്ല. സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായ ഒന്നിലും ഒപ്പുവയ്ക്കില്ല. ഭരണഘടനയ്ക്ക് അനുസൃതമായിട്ടേ താന്‍ പ്രവര്‍ത്തികയുള്ളൂ. ഭരണഘടനയ്‌ക്കെതിരായ ഒരു പേപ്പറിലും ഒപ്പിടില്ല. പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ താന്‍ ചെയ്തതുതന്നെയാണ് ഹൈക്കോടതിയും ചെയ്തതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.