ഗവര്‍ണര്‍ ഒപ്പുവച്ചില്ല; 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

Update: 2022-08-09 01:10 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സാഹചര്യത്തില്‍ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ഓര്‍ഡിനന്‍സുകളുടെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിച്ചത്. അസാധുവായതില്‍ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സും ഉള്‍പ്പെടുന്നു. ഓര്‍ഡിനന്‍സുകള്‍ വിശദമായി പഠിക്കാതെ ഒപ്പിടാനാവില്ലെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. ഓര്‍ഡിനന്‍സുകള്‍ വിശദമായി പഠിച്ച് ഒപ്പുവയ്ക്കാന്‍ സമയം വേണം. എല്ലാം കൂടി ഒറ്റദിവസം കൊണ്ട് ഒപ്പുവയ്ക്കാനാവില്ലെന്നും ഗവര്‍ണര്‍ നിലപാടറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറക്കാനുള്ളതാണ് ഓര്‍ഡിനന്‍സുകള്‍. ഓര്‍ഡിനന്‍സിലൂടെയാണ് ഭരിക്കുന്നതെങ്കില്‍ നിയമനിര്‍മാണസഭകള്‍ എന്തിനാണെന്നും ഗവര്‍ണര്‍ ചോദിച്ചു. സുപ്രിംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. ബജറ്റ് ചര്‍ച്ചയ്ക്കായായിരുന്നു കഴിഞ്ഞ സഭാസമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമവകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചിരുന്നു. രാത്രി വൈകിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ഇന്നത്തെ തിയ്യതിയില്‍ വിജ്ഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. പ്രസ് ജീവനക്കാരോട് 12 മണി വരെ സേവനം തുടരാന്‍ നിര്‍ദേശിച്ചായിരുന്നു സര്‍ക്കാര്‍ കാത്തിരുന്നത്. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമാവുമെന്ന് ഉറപ്പാണ്. നിയമനിര്‍മാണത്തിനായി ഒക്ടോബറില്‍ നിയമസഭ ചേരുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Tags:    

Similar News