കെ റെയില്‍ പരിസ്ഥിതി സൗഹൃദം; സംസ്ഥാനത്തിന്റെ ഗതാഗത-വികസന മേഖലകളില്‍ പുരോഗതിയുണ്ടാക്കുമെന്നും ഗവര്‍ണര്‍
ഫെഡറലിസം പരമപ്രധാനമാണ്
തിരുവനന്തപുരം: കെ റെയില്‍ സംസ്ഥാനത്തിന്റെ ഗതാഗത, വികസന മേഖലകളില്‍ കുതിച്ചു ചാട്ടം സ്യഷ്ടിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരിസ്ഥിതി സൗഹൃദമാണിത്. സംസ്ഥാനത്ത് കുടുതല്‍ തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ മാതൃകയാണ്. കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വാക്‌സിന്‍ വിതരണത്തില്‍ കേരളം മുന്നിലാണ്.
മഹാമാരിക്കാലത്ത് ജനങ്ങളെ ചേര്‍ത്തു പിടിച്ച സര്‍ക്കാര്‍ അവരുടെ ക്ഷേമം ഉറപ്പാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കും. നീതി ആയോഗിന്റെ കണക്കിലടക്കം കേരളം മുന്നിലാണ്. പ്രഖ്യാപിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി എന്നത് അഭിനന്ദനീയം. ആരോഗ്യ മേഖലയിലടക്കം കേരളം മുന്നിലാണ്. കേരളത്തിനുള്ള ജി എസ് ടി വിഹിതം കുറഞ്ഞത് വലിയ നഷ്ടമാണ്.
എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനുള്ള പദ്ധതി മാതൃകാപരമായി മുന്നേറുന്നു. സുസ്ഥിര വികസനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. പഞ്ച വത്സര പദ്ധതികള്‍ നടപ്പാക്കുന്നതിലും മാതൃക. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണ്. വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഫെഡറലിസം പരമപ്രധാനമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.