തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍. ഡോ എംആര്‍ ശശീന്ദ്രനാഥിനെയാണ് യൂനിവേഴ്‌സിറ്റിയുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്തത്. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ രണ്ടു പേരടക്കം മൂന്നുപേര്‍ ഇന്ന് പിടിയിലായിരുന്നു. കൊല്ലം ഓടനാവശം സ്വദേശിയായ സിന്‍ജോ ജോണ്‍സണ്‍ (21), കാശിനാഥന്‍, അല്‍ത്താഫ് എന്നിവര്‍ ഇന്നു പുലര്‍ച്ചെ പിടിയിലായത്.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് സിന്‍ജോയെ പിടികൂടിയത്. കാശിനാഥന്‍ പോലിസില്‍ കീഴടങ്ങുകയായിരുന്നു. അല്‍ത്താഫിനെ ഇരവിപുരത്തെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. ഇന്നലെയും നാലു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ഇതോടെ കേസില്‍ ആകെ 13 പേരാണ് പിടിയിലായത്.
സിന്‍ജോ ജോണ്‍സണും കാശിനാഥനും പുറമെ, പ്രതികളായ സൗദി റിസാല്‍, അജയ് കുമാര്‍ എന്നിവര്‍ക്കായി പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയായ സിന്‍ജോ ജോണ്‍സനാണ് മകനെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഇന്നലെ വീട് സന്ദര്‍ശിച്ച എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാര്‍ഥന്റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞിരുന്നു.