വിദ്വേഷപരാമര്‍ശം പിന്‍വലിക്കാത്ത പാലാ ബിഷപ്പിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം: മുസ്‌ലിം സംയുക്ത വേദി
വര്‍ഗ്ഗീയതയും വംശീയതയും പ്രചരിപ്പിക്കുന്നതിന് മതനേതാക്കള്‍ രംഗത്തിറങ്ങുന്നത് ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്നതിന് തുല്യമാണെന്നും സമ്മേളനപ്രമേയത്തില്‍ പറഞ്ഞു
തിരുവനന്തപുരം: ഖുര്‍ആനിക പദ പ്രയോഗമായ ജിഹാദിനെ വികൃതമായി ചിത്രീകരിച്ച പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി. തിരുവനന്തപുരത്ത് കേരള മുസ്‌ലിം സംയുക്ത വേദി 'മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളപ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തെ മതേതരത്വത്തിന് വിഘാതം സൃഷ്ടിക്കുന്ന ഫാഷിസ്റ്റ് ശക്തികളുടേയും അവരുടെ പിണിയാളുകളുടെയും നടപടികള്‍ക്കെതിരെ പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് മതേതര പ്രസ്ഥാനങ്ങള്‍ ജാഗരൂകരാകണം. വര്‍ഗ്ഗീയതയും വംശീയതയും പ്രചരിപ്പിക്കുന്നതിന് മതനേതാക്കള്‍ രംഗത്തിറങ്ങുന്നത് ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്നതിന് തുല്യമാണെന്നും സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു.
ചര്‍ച്ചാസമ്മേളനത്തില്‍ കേരള മുസ്‌ലിം സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്ക്യൂട്ടീവ് അംഗം ഹാഫിസ് അബ്ദുശുക്കൂര്‍ ഖാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി (സുന്നീ ജംഇയ്യത്തുല്‍ ഉലമ), കെഎച്ച് നസീര്‍ ഖാന്‍ ഫൈസി(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), വിഎം ഫത്തഹുദ്ദീന്‍ റഷാദി(ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍), പാനിപ്ര ഇബ്‌റാഹീം ബാഖവി (കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം), അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി(കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), മൗലവി നവാസ് മന്നാനി പനവൂര്‍(സെന്‍ട്രല്‍ ജുമാമസ്ജിദ്), വിവിധ സംഘടനാ നേതാക്കളായ ഡോ.കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി(ജമാഅത്ത് ഫെഡറേഷന്‍), മാഹീന്‍ ഹസ്രത്ത്(അല്‍ഹാദി അസോസിയേഷന്‍), മുഹമ്മദ് റാഷിദ്(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), ശാഫി നദ്‌വി (പിഡിപി) ആലംകോട് ഹസന്‍(എസ്‌വൈഎസ്), പാച്ചല്ലൂര്‍ എന്‍എം ഇസ്മായീല്‍ മൗലവി (മസ്ജിദ് കോഓഡിനേഷന്‍ കമ്മറ്റി), കടുവയില്‍ ഷാജഹാന്‍ മൗലവി, മാധ്യമപ്രതിനിധികളായി എ അബൂബക്കര്‍(ചന്ദ്രിക), വികെഎ സുധീര്‍(തേജസ് ന്യൂസ്) എന്നിവര്‍ സംസാരിച്ചു.