ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

Update: 2022-11-11 03:19 GMT

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 46 സ്ഥാനാര്‍ഥികളുടെ പേരാണ് പട്ടികയിലുള്ളത്. നേരത്തെ നവംബര്‍ നാലിന് പുറത്തുവിട്ട ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 43 സ്ഥാനാര്‍ഥികളുടെ പേരാണുണ്ടായിരുന്നത്. മൂന്ന് വനിതകളും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി. ഇതോടെ 89 സ്ഥാനാര്‍ഥികളുടെ പേരാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇനി 100 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

ഭുജില്‍ നിന്ന് അര്‍ജന്‍ഭായ് ബൂദിയയും ജുനഗഡില്‍ നിന്ന് ഭിഖാഭായ് ജോഷിയും സൂറത്ത് ഈസ്റ്റില്‍ നിന്ന് അസ്‌ലം സൈക്കിള്‍വാലയും സൂറത്ത് നോര്‍ത്തില്‍ അശോക്ഭായ് പട്ടേലും വല്‍സാദില്‍ നിന്ന് കമല്‍കുമാര്‍ പട്ടേലും രണ്ടാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനത്തുനിന്ന് ബിജെപിയെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് മല്‍സരത്തിനിറങ്ങുന്നത്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയ്യതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.

Tags:    

Similar News