ന്യൂഡല്‍ഹി: ഗുജറാത്തിലെ ചേരികളിലെ അയ്യായിരത്തോളം കുടിലുകള്‍ പൊളിച്ചുനീക്കുന്നതിനെതിരേ സുപ്രിംകോടതി. ബുധനാഴ്ച വരെ മാനുഷിക കാരണങ്ങളാല്‍ തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു. നാളെ കേസ് കോടതി വീണ്ടും പരിഗണിക്കും.
ഇന്ന് രാത്രി തന്നെ ചേരികള്‍ പൊളിച്ചുനീക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അതുകൂടി പരിഗണിച്ചാണ് ചേരി പൊളിച്ചു നീക്കുന്നതിനെതിരേ കോടതി നിര്‍ദേശം നല്‍കിയത്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യ കാന്ത് തുടങ്ങിയവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
''ഞങ്ങള്‍ ചേരി തകര്‍ക്കുന്ന തീരുമാനം റദ്ദാക്കിയിരിക്കുകയാണ്. തല്‍സ്ഥിതി തുടരാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും''- ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ കോലിന്‍ ഗോന്‍സാല്‍വ്‌സാണ് വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
2016ല്‍ ചേരി പൊളിക്കുന്നത് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്‌റ്റേ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് ഗജറാത്ത് സര്‍ക്കാര്‍ ചേരി പൊളിക്കാന്‍ ഉത്തരവിട്ടത്.