നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരിയുടെ പരാതി; ജിവി രാജ സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്തു
പ്രിന്‍സിപ്പല്‍ സിഎസ് പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം: ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് ജിവി രാജ വിഎച്ച്എസ് സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിഎസ് പ്രദീപിനെ സസ്പെന്റ് ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ വകുപ്പിലെ പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. അന്വേഷണ റിപോര്‍ട്ട് സംഘം പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി.
പ്രദീപിനെ സസ്പെന്റ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചുമതലപ്പെടുത്തണമെന്നുമുള്ള ശുപാര്‍ശ പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറി.
ആരോപണ വിധേയനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാനും അഡീഷണല്‍ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതല നല്‍കാനും മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിടുകയായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പാണ് പ്രിന്‍സിപ്പല്‍ സിഎസ് പ്രദീപ് ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതിപ്പെട്ടത്.