ഗ്യാന്‍വാപി മസ്ജിദ് കേസ്: 1991-2022 നാള്‍വഴി ഇങ്ങനെ

Update: 2022-09-12 12:15 GMT

ഗ്യാന്‍വാപി മസ്ജിദ് ഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിന് യഥാര്‍ത്ഥത്തില്‍ 86 വര്‍ഷത്തെ പഴക്കമുണ്ട്. 1936ല്‍ മസ്ജിദ് സ്വത്തില്‍ ഹിന്ദു കക്ഷികള്‍ അവകാശവാദം ഉന്നയിച്ചു. മുസ്‌ലിംകള്‍ എതിര്‍ഹരജി നല്‍കി. വിധി മുസ്‌ലിംകള്‍ക്ക് അനുകൂലമായിരുന്നു. 1942ല്‍ ഹിന്ദു കക്ഷി അപ്പീലുമായി ഹൈക്കോടതിയിലെത്തി. 1942 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി കീഴ്‌ക്കോടതി വിധി സ്ഥിരപ്പെടുത്തി. 


1991: സ്വതന്ത്രഇന്ത്യയിലെ ആദ്യ കേസ് സ്വയംഭൂ ഭഗവാന്‍ വിശ്വശ്വരരന്റെ ഭക്തന്‍ എന്ന പേരിലുള്ളതായിരുന്നു, 1991ല്‍. കാശി വിശ്വനാഥ ക്ഷേത്രം പുരോഹിതന്റെ പിന്‍ഗാമി പണ്ഡിറ്റ് സോമനാഥ വ്യാസ്, സംസ്‌കൃതാധ്യാപകന്‍ ഡോ. രാം രംഗ് ശര്‍മ, സാമൂഹികപ്രവര്‍ത്തകന്‍ ഹരിഹര്‍ പാണ്ഡേ എന്നിവരായിരുന്നു ഹരജിക്കാര്‍. അഭിഭാഷകന്‍ അഡ്വ. വിജയ ശങ്കര്‍ രസ്‌തോഗി. മഹാരാജ വിക്രമാദിത്യന്‍ പണികഴിപ്പിച്ച ക്ഷേത്രഭൂമിയിലാണ് മസ്ജിദെന്നായിരുന്നു വാദം. മസ്ജിദ് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ക്ഷേത്രഭാഗങ്ങള്‍ ഉപയോഗിച്ചാണ് മസ്ജിദ് പണിതതെന്നും അതുകൊണ്ട് ആരാധനാലയ(പ്രത്യേക വ്യവസ്ഥകള്‍)നിയമം 1991 ബാധകമല്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ഈ ഹരജി 1997ല്‍ തള്ളി.


ഹിന്ദുക്കള്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. 1998ല്‍ സിവില്‍ കോടതിയുടെ ഉത്തരവ് ജില്ലാ കോടതി റദ്ദാക്കി. ഇതിനെതിരേ നല്‍കിയ ഹരജിയില്‍ 1998 ഓക്ടോബറില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു.

1998: മസ്ജിദ് ഭൂമിയിന്മേലുളള ക്ഷേത്രത്തിന്റെ അവകാശവാദം സിവില്‍ കോടതിക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 22 വര്‍ഷത്തേക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു.

2019: മസ്ജിദ് ഭൂമിയില്‍ പുരാവസ്തുവകുപ്പ് സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരാണസി കോടതിയില്‍ 'സ്വയംഭൂ'വായ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരനെ പ്രതിനിധീകരിച്ച് ഹരജി സമര്‍പ്പിക്കപ്പെട്ടതോടെ പഴയ കേസ് വീണ്ടും സജീവമായി.

2020: ഗ്യാന്‍വാപിയില്‍ പുരാവസ്തുവകുപ്പിന്റെ സര്‍വേ നടത്തണമെന്ന ആവശ്യം അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി കോടതിയില്‍ ചോദ്യം ചെയ്തു.

2020: ഹരജിക്കാര്‍ കീഴ്‌ക്കോടതിയെ സമീപിച്ചു. ഹരജി വീണ്ടും കേള്‍ക്കണമെന്നാണ് ആവശ്യം.

മാര്‍ച്ച് 2021: ആരാധനാലയ നിയമം 1991 അനുസരിച്ച് കേസ് കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതിക്ക് മുന്നിലെത്തി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയുടെ ബെഞ്ചിലാണ് കേസ് എത്തിയത്. 


ആഗസ്റ്റ് 2021: ഹനുമാന്‍, നന്ദി, ശ്രിങ്കര്‍ ഗൗരി എന്നീ മൂര്‍ത്തികളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ഹരജിയുമായി 5 സ്ത്രീകളുടെ ഹരജി വാരാണസി കോടതിയില്‍.

സെപ്തബംര്‍ 2021: വിധി പുറപ്പെടുവിക്കുന്നത് താല്‍ക്കാലികമായി മാറ്റിവയ്ക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശം.

ഏപ്രില്‍ 2022: 2021 ആഗസ്റ്റില്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍, വാരാണസി ജില്ലാ കോടതി കമ്മീഷണറെ (സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേയെയ്ക്കുവേണ്ടി) നിയമിച്ചു. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ ഇതിനെ ചോദ്യം ചെയ്തു. ഹൈക്കോടതി കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചു. മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയിലെത്തി.

മെയ് 6 2022: വീഡിയോ ഗ്രാഫി സര്‍വേ ആരംഭിച്ചു.

മെയ് 12 2022: മുതിര്‍ന്ന അഭിഭാഷകന്‍ വിശാല്‍ സിങ്ങിനെ സര്‍വേ നടപടികള്‍ നിരീക്ഷിക്കാന്‍ നിയോഗിച്ചു. അദ്ദേഹം സ്‌പെഷ്യല്‍ കോര്‍ട്ട് കമ്മീഷണറുമായിരുന്നു. മെയ് 17നു മുന്‍പ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

മെയ് 14 2022: സര്‍വേ പുനരാരംഭിച്ചു. രണ്ട് ദിവസം നീണ്ടുനിന്നു.

മെയ് 20 2022: സുപ്രിംകോടതി നിര്‍ദേശമനുസരിച്ച് കേസ് വാരാണസി കോടതിയില്‍നിന്ന് ജില്ലാകോടതിയിലേക്ക്.

മെയ് 26 2022: കേസ് നിലനില്‍ക്കുമോയെന്ന പള്ളിക്കമ്മറ്റിയുടെ വാദം ജില്ലാ കോടതി കേള്‍ക്കാന്‍ തുടങ്ങി.

ജൂണ്‍ 21 2022: സര്‍വേ നടപടിക്ക് ഉത്തരവിട്ട സിവില്‍ ജഡ്ജ് രവി കുമാര്‍ ദിവാകര്‍ വാരാണസി കോടതിയില്‍നിന്ന് ബെറേലി കോടതിയിലേക്ക് സ്ഥലംമാറിപ്പോയി.

ജൂലൈ 21 2022: ഹിന്ദു പരാതിക്കാര്‍ ഒരു പുതിയ ട്രസ്റ്റിന് രൂപം നല്‍കാന്‍ തീരുമാനിച്ചു, ശ്രീ ആദി മഹാദേവ് കാശി ധര്‍മ്മാലയ മുക്തി ന്യാസ് എന്ന പേരില്‍.



ജൂലൈ 18, 2022: പൂജ, ദര്‍ശനം, ജിപിആര്‍ റഡ്ഡാര്‍ പരിശോധന, കാര്‍ബണ്‍ ഡേറ്റിങ് എന്നിവ അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചു. സര്‍വേക്കിടയില്‍ കണ്ടെത്തിയ ഫൗണ്ടന്‍ ശിവലിംഗമാണെന്ന വാദവുമായി ഹിന്ദുഹരജിക്കാരെത്തി.

ആഗസ്റ്റ് 24 2022: വിധി പറയുന്നത് സെപ്തംബര്‍ 12ലേക്ക് മാറ്റി.

സെപ്തംബര്‍ 12 , 2022: വാരാണസി കോടതി വിധി പറഞ്ഞു. ഹിന്ദു സ്ത്രീകളുടെ ഹരജി നിലനില്‍ക്കുമെന്ന് ജഡ്ജി വിശ്വേശ്വ വിധിച്ചു. അടുത്ത ഹിയറിങ് സെപ്തംബര്‍ 22ന്.

Tags:    

Similar News