ഗ്യാന്‍വാപി മസ്ജിദ് സര്‍വേയ്ക്കെതിരായ ഹരജിയില്‍ ഓഗസ്റ്റ് മൂന്നിന് വിധി

ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഇന്നും ഹാജരായിരുന്നു.

Update: 2023-07-27 14:45 GMT
ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സര്‍വേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധി പ്രസ്താവിക്കും. സര്‍വേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റേ അതുവരെ തുടരും. ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറാണ് മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ വാദം കേട്ടത്.

സര്‍വേ നടപടികള്‍ മസ്ജിദിന് ഒരു തരത്തിലും കേട് വരുത്തിലെന്ന് വ്യക്തമാക്കി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം സര്‍വേ സംബന്ധിച്ച കടുത്ത സംശയങ്ങള്‍ ഇന്നലെ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ പ്രകടിപ്പിച്ചിരുന്നു. സര്‍വേ നടത്തുന്ന മാര്‍ഗം കൃത്യമായി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് വിശദീകരിക്കാന്‍ കഴിയാത്തതിനാലാണ് ഹൈക്കോടതി സംശയം രേഖപ്പെടുത്തിയത്. ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഇന്നും ഹാജരായിരുന്നു.

അതേസമയം സര്‍വേ നടത്തുന്നതിനായി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗ്യാന്‍വാപി മസ്ജിദില്‍ എത്തിച്ച ഉപകരണങ്ങളുടെ ഫോട്ടോകള്‍ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈകോടതിക്ക് കൈമാറി. ഈ ഉപകരണങ്ങള്‍ കുഴിക്കുന്നതിനുള്ളതാണെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകര്‍ വാദിച്ചു. ഗ്യാന്‍വാപി മസ്ജിദില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അതിനാല്‍ സര്‍വേയുടെ ഭാഗമായി കുഴിക്കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.






Tags:    

Similar News