ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ ആരാധന ആവശ്യം നിലനില്‍ക്കും; അലഹബാദ് ഹൈക്കോടതി

അഞ്ച് സ്ത്രീകളാണ് വാരണസി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Update: 2023-05-31 14:26 GMT
ഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിനെതിരായ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദില്‍ ആരാധനക്കായി ആവശ്യം ഉന്നയിച്ച 'ഹൈന്ദവ വിഭാഗത്തെ' എതിര്‍ത്ത് പള്ളി നടത്തിപ്പുകാരായ അഞ്ജുമന്‍ ഇന്‍തേസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

ഹൈന്ദവ വിഭാഗം നല്‍കിയ കേസ് നിലനില്‍ക്കുമെന്ന വാരണസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്താണ് പള്ളി നടത്തിപ്പുകാര്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. കേസ് നിലനില്‍ക്കുമെന്ന വാരണസി കോടതിയുടെ വിധി അലഹബാദ് കോടതി ശരി വെച്ചു.നിലവിലുള്ള കെട്ടിടം നീക്കം ചെയ്ത് ശിവ ക്ഷേത്രം പണിയുന്ന ദിവസം വിദൂരമല്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൈന്ദവ വിഭാഗത്തിനായി വാദിക്കുന്ന അഭിഭാഷകന്‍ ഹരി ശങ്കര്‍ പ്രതികരിച്ചു. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയും സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി ജൂലൈ 14ന് വീണ്ടും പരിഗണിക്കും.

ഗ്യാന്‍വാപി മസ്ജിദിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് വാരണസി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇവരുടെ ഹരജി പരിഗണിക്കുന്നതിനിടെ പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. സര്‍വേക്കെതിരെ മസ്ജിദ് കമ്മിറ്റി വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. സര്‍വേക്കിടയില്‍ പള്ളിയിലെ ജലസംഭരണിയില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പള്ളിയിലെ ഒരു ഭാഗം സീല്‍ ചെയ്തിരുന്നു. എന്നാല്‍ അത് ശിവലിംഗം അല്ലെന്നും ജലസംഭരണിക്കുള്ളിലെ ഫൗണ്ടന്‍ ആണെന്നുമാണ് പള്ളി അധികൃതര്‍ പറഞ്ഞത്.





Tags:    

Similar News