വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ മുസ് ലിംകളുടെ നമസ്‌കാരം മുടങ്ങരുതെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. പള്ളിയിലെ വീഡിയോ സര്‍വേ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹരജി പരിണഗിക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു നിര്‍ദേശം ജില്ലാ അധികൃതര്‍ക്ക് നല്‍കിയത്.
മസ്ജിദില്‍ ഏത് ഭാഗത്താണ് ശിവലിംഗം കണ്ടെത്തിയതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു.
താന്‍ റിപോര്‍ട്ട് കണ്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി പറഞ്ഞു. യുപി സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരാവുന്നത്. അടുത്ത ദിവസം വിവരങ്ങള്‍ കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കി.
ശിവലിംഗം നില്‍ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രദേശം സുരക്ഷിതമാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. മുസ് ലിംകളുടെ നമസ്‌കാരം തടയരുതെന്നും നിര്‍ദേശിച്ചു.
മസ്ജിദിന്റെ കുളത്തില്‍ ശിവലിംഗം കണ്ടെന്ന ഹിന്ദുവായ ഹരജിക്കാരന്‍ വാദിച്ചതിനെത്തുടര്‍ന്ന് ആ ഭാഗം സീല്‍ ചെയ്ത് സൂക്ഷിക്കാന്‍ കേസ് പരിഗണിക്കുന്ന വാരാണസി കോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം നടത്തുന്ന വീഡിയോ സര്‍വേയിലാണ് ശിവലിംഗം കണ്ടെത്തിയതായി ഹരജിക്കാര്‍ അവകാശപ്പെട്ടത്.
കണ്ടെത്തിയത് കുളത്തിലെ ഫൗണ്ടനാണെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു.
അതിനിടയില്‍ ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയുടെ ചുമതല വഹിക്കുന്ന അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. അജയ് കുമാര്‍ മിശ്രയെ വാരാണസി കോടതി തല്‍സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടതിന്റെ ഭാഗമാണ് നടപടിയെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ട് ദിവത്തെ സമയം കൂട്ടിനല്‍കി. റിപോര്‍ട്ട് പൂര്‍ത്തിയാവാത്തതിനാല്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ വിശാല്‍ സിംഗ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി അന്‍ജുമാന്‍ ഇന്റസാമിയ മസ്ജിദ് അധികാരികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. 1991ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമത്തിന്റെ ലംഘനമാണ് ഇതെന്നാണ് കമ്മിറ്റിയുടെ വാദം.
മെയ് 19ന് സുപ്രിംകോടതി വാദം കേള്‍ക്കും. ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.