ലഖ്‌നോ: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുടെ പരിസരത്ത് ആരാധന നടത്താന്‍ ചില ഹിന്ദു സ്ത്രീകള്‍ക്ക് അനുമതി നല്‍കിയ വാരാണസി കോടതിയുടെ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യണമെന്ന് എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്‍ മുസ്‌ലിമീന്‍) മേധാവി അസദുദ്ദീന്‍ ഉവൈസി. കോടതി ഈ പ്രശ്‌നം മുളയിലേ നുള്ളുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെന്നും ബാബരി മസ്ജിദിന്റെ അതേ പാതയിലേക്കാണ് ഇതും പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'കോടതി ഈ വിഷയങ്ങള്‍ മുളയിലേ നുള്ളിക്കളയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ അത്തരം കൂടുതല്‍ വ്യവഹാരങ്ങള്‍ വരുമെന്ന് തോന്നുന്നു, ഇത് ബാബരി മസ്ജിദ് പ്രശ്‌നത്തിന്റെ അതേ വഴിയിലൂടെയാണ് പോകുന്നത്'- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉവൈസി പറഞ്ഞു.
മസ്ജിദ് പരിസരത്ത് ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു യുവതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്നാണ് വാരാണസി ജില്ലാ ജഡ്ജി എ കെ വിശ്വേശന്‍ ഉത്തരവിട്ടത്.
ഹരജി തള്ളണമെന്നാവശ്യപ്പെട്ട് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കുന്നത് 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് സെപ്തംബര്‍ 22ന് വീണ്ടും പരിഗണിക്കും.