ഹജ്ജ് തീര്‍ത്ഥാടനം: ആരോഗ്യസുരക്ഷാനടപടികള്‍ ശക്തമാക്കി, അനധികൃതമായി എത്തിയ 16 പേര്‍ പിടിയില്‍

Update: 2020-07-27 09:31 GMT

മക്ക: ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യസുരക്ഷാ നടപടികള്‍ സൗദി ഭരണകൂടം ശക്തമാക്കി. തീര്‍ത്ഥാടകര്‍ സാമൂഹികഅകലം പാലിച്ചും ആരോഗ്യപരമായ ശീലങ്ങളോടെ എത്തുമെന്നും അധികൃതര്‍ ഉറപ്പാക്കും. ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പെുവരുത്താന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ ഏഴു ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. ഇതിനായി മക്കയിലെ ഹോട്ടലുകളില്‍ തീര്‍ത്ഥാടകര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റര്‍, ഹജ്ജ് വേളയില്‍ ഉപയോഗിക്കാനുള്ള കുട, ബാഗ്, നിസ്‌കാരപ്പായ തുടങ്ങിയവയെല്ലാം ഹോട്ടല്‍ മുറികളില്‍ ലഭ്യാമാക്കും.



മതാഫില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനു പുറമേ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരിക്കുന്ന ഇലട്രോണിക്ക് വളകള്‍ വഴി ഓരോരുത്തരെയും നിരീക്ഷിക്കാന്‍ സാധിക്കും. തീര്‍ത്ഥാടകര്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നോ എന്ന വിവരം ഇതുവഴി അധികൃതര്‍ക്ക് ലഭിക്കും. അതിനുള്ള സോഫ്റ്റ് വെയറുകള്‍ ഉള്‍ക്കൊള്ളിച്ചവയാണ ഈ വളകള്‍.

തീര്‍ത്ഥാടകര്‍ ഹറമിന്റെ പടിഞ്ഞാറന്‍ ഗെയ്റ്റ് വഴിയാണ് ഉള്ളിലേക്ക് പ്രവേശിക്കുക. കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി കിഴക്ക് ഭാഗത്തെ വാതിലിലൂടെ പുറത്തുപോകും.


 

കൊറോണ വൈറസ് വ്യാപനം മൂലം പരിമിതപ്പെടുത്തിയ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ അനധികൃതമായി എത്തുന്നവരെ തടയാന്‍ കര്‍ശന പരിശോധനകളാണ് അധികൃതര്‍ നടത്തിവരുന്നത്. അനുമതി പത്രമില്ലാതെ ഹറം പള്ളിയില്‍ ആരെയും പ്രവേശിപ്പിക്കില്ല. മക്കയിലേക്കുള്ള എല്ലാ ഊടു വഴികളിലും ചെക് പോസ്റ്റുകളിലും ശക്തമായ നിരീക്ഷണമുണ്ട്. അനധികൃതമായി എത്താന്‍ ശ്രമിച്ച 16 പേരെ അധികൃതര്‍ പിടികൂടി.  

Similar News