ഇസ്രായേലി സൈനികന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)

അമേരിക്കന്‍ പൗരനായ ഐഡന്‍ ഇസ്രായേലിലേക്ക് കുടിയേറിയതിന് ശേഷമാണ് സൈന്യത്തില്‍ ചേര്‍ന്നത്.

Update: 2024-11-30 17:44 GMT

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയില്‍ പിടികൂടിയ ഇസ്രായേലി-അമേരിക്കന്‍ സൈനികന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഗസയില്‍ കഴിഞ്ഞ 421 ദിവസമായി ഹമാസിന്റെ കസ്റ്റഡിയിലുള്ള ഐഡന്‍ അലക്‌സാണ്ടറുടെ വീഡിയോദൃശ്യമാണ് ഹമാസ് പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കന്‍ പൗരനായ ഐഡന്‍ ഇസ്രായേലിലേക്ക് കുടിയേറിയതിന് ശേഷമാണ് സൈന്യത്തില്‍ ചേര്‍ന്നത്. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇയാളെ പിടികൂടി ഗസയിലേക്ക് കൊണ്ടുപോയത്.

വീഡിയോവില്‍ ഐഡന്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഇങ്ങനെ പറയുന്നു.'' ഇസ്രായേലികളോട് നിങ്ങള്‍ പറഞ്ഞത് ഞാന്‍ വാര്‍ത്തയില്‍ കണ്ടു. വളരെ നിരാശാജനകമാണ് അത്. ഞങ്ങളെ ജീവനോടെ തിരികെ കൊണ്ടുവരുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ നല്‍കുമെന്ന് നിങ്ങള്‍ പറയുന്നത് കേട്ടു. പൗരന്‍മാരെയും സൈനികരെയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. പക്ഷെ, നിങ്ങള്‍ ഞങ്ങളെ അവഗണിച്ചു. ഞങ്ങള്‍ ഓരോ ദിവസവും ആയിരക്കണക്കിന് തവണ മരിക്കുന്നു. ദിവസങ്ങള്‍ കടന്നുപോവും തോറും ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ഇസ്രായേലി ജനത ഞങ്ങളെ അവഗണിക്കരുത്. നാട്ടിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സര്‍ക്കാരിന്റെ തെറ്റിന് ഞങ്ങള്‍ ഉത്തരവാദികളല്ല. ഞങ്ങളുടെ ദുരിതം ഇല്ലാതാക്കാന്‍ നിങ്ങള്‍ പ്രതിഷേധിക്കണം''

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ പോവുന്ന ഡോണള്‍ഡ് ട്രംപിനോട് ഐഡന്‍ പറയുന്നത് ഇങ്ങനെ '' നിങ്ങളുടെയും യുഎസിന്റെയും സ്വാധീനം ഉപയോഗിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ചര്‍ച്ച നടത്തണം..... ബൈഡന്‍ ചെയ്തത് പോലുള്ള തെറ്റുകള്‍ ചെയ്യരുത്.. ബൈഡന്‍ അയച്ച ആയുധങ്ങള്‍ ഞങ്ങളെ കൊല്ലുന്നില്ല. നിയമവിരുദ്ധമായ ഉപരോധം ഞങ്ങളെ പട്ടിണിക്കിട്ടിരിക്കുകയാണ്. എന്റെ കൂടെയുണ്ടായിരുന്ന അമേരിക്കന്‍ പൗരനായ ഹെര്‍ഷ് മരിച്ചതു പോലെ മരിക്കാന്‍ എനിക്ക് ആഗ്രഹമില്ല.''

Similar News