പുനലൂരില്‍ 30 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസ്: സൂത്രധാരനായ പോലിസുകാരന്‍ അറസ്റ്റില്‍; പിടിയിലായത് ഗുജറാത്തില്‍ നിന്ന്

തൃശൂര്‍ ആംഡ് റിസര്‍വ് പോലിസിലെ ഡ്രൈവറായ ഇയാളെ ഗുജറാത്തിലെ അഹമ്മദാബാദിലെ നരോദയിലെ ഒരു ആശ്രമത്തില്‍ നിന്നാണ് പിടികൂടിയത്.

Update: 2024-12-01 03:11 GMT

കൊല്ലം: പുനലൂരിലെ കുര്യോട്ടുമലയില്‍ നിന്ന് 30 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതിയായ പോലിസുകാരന്‍ അറസ്റ്റില്‍. അഞ്ച് മാസം മുമ്പ് കഞ്ചാവ് പിടിച്ചപ്പോള്‍ ഒളിവില്‍ പോയ അഞ്ചാം പ്രതിയായ കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍ക്കടവ് സംഘപ്പുരമുക്കില്‍ പൈങ്ങാക്കുളങ്ങര വീട്ടില്‍ അസര്‍ എന്ന ബെക്കര്‍ അബ(48)യാണ് അറസ്റ്റിലായത്. തൃശൂര്‍ ആംഡ് റിസര്‍വ് പോലിസിലെ ഡ്രൈവറായ ഇയാളെ ഗുജറാത്തിലെ അഹമ്മദാബാദിലെ നരോദയിലെ ഒരു ആശ്രമത്തില്‍ നിന്നാണ് പിടികൂടിയത്.

നേരത്തെ തന്നെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്നു. ജൂലൈ 11നാണ് കുര്യോട്ടുമലയിലെ ഒരു വീട്ടില്‍നിന്ന് 30 കിലോഗ്രാം കഞ്ചാവ് പോലിസ് സംഘം പിടിച്ചെടുത്തത്. കേസില്‍ പുനലൂര്‍ മുസാവരിക്കുന്ന് ചാരുവിള പുത്തന്‍വീട്ടില്‍ ഷാനവാസ് (41), കുര്യോട്ടുമല അഞ്ജനാ ഭവനില്‍ അജിത് (24), ചെമ്മന്തൂര്‍ ഫൈസല്‍ മന്‍സിലില്‍ ജെസില്‍ (22) എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ റിമോ, സാജ്ചന്ദ്രന്‍, നിസാം എന്നിവര്‍ പിന്നീടും അറസ്റ്റിലായി.

ഇതോടെ കേസിലെ അഞ്ചാം പ്രതിയായ ബെക്കര്‍ അബ ഒളിവില്‍ പോയി. ഇയാള്‍ നരോദയിലെ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് സംഘം അഹമ്മദാബാദില്‍ പോയാണ് പിടികൂടിയത്. എഎസ്‌ഐ ഷാജി, സിപിഒമാരായ ഹരികൃഷ്ണ, മനീഷ്, ജംഷീദ്, പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിക്കാന്‍ നരോദയിലേക്ക് പോയിരുന്നത്. ഗുജറാത്തില്‍ എത്തുന്നതിന് മുമ്പ് മൈസൂരു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. കഞ്ചാവുകടത്തിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണെന്നും ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും പോലിസ് അറിയിച്ചു.

Similar News