ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ്ക്ക് ഇന്ന് രാജ്യത്ത് തുടക്കം. ഇന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള മൂന്നുദിവസങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും ദേശീയ പതാക ഉയര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണയുണ്ട്. രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കുന്നതിന് വേണ്ടിയാണ് ഹര്‍ ഘര്‍ തിരംഗ. ഓരോ വീട്ടിലും പതാക ഉയര്‍ത്തുന്നതിനായി ഫഌഗ് കോഡിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, വായന ശാലകള്‍, ക്ലബ്ബുകള്‍, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയിടങ്ങളിലും ദേശീയ പതാക ഇന്ന് മുതല്‍ ഉയര്‍ത്തും.
കേന്ദ്രമന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ സ്വന്തം വീടുകളില്‍ ദേശീയ പതാക കാംപയിനിന്റെ ഭാഗമായി ഉയര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം സംസ്ഥാന സര്‍ക്കാരുകളും ഏറ്റെടുത്തിട്ടുണ്ട്. വിവിധ സേനാ വിഭാഗങ്ങളും സന്നദ്ധ സംഘടന കൂട്ടായ്മകളും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും.