ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ദേശീയ പതാക രാത്രി താഴ്ത്തണമെന്നില്ല

Update: 2022-08-13 08:08 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്ക്കു തുടക്കമായി. സംസ്ഥാനത്തെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുമാണ് ദേശീയ പതാക ഉയര്‍ത്തിയത്. ആഗസ്റ്റ് 15 വരെ ഇത് നിലനിര്‍ത്താം.

വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഈ മൂന്നു ദിവസം രാത്രി താഴ്‌ത്തേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാര്‍ തുടങ്ങിയവര്‍ അവരവരുടെ വസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അഭ്യര്‍ഥിച്ചിരുന്നു.

ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകണം ദേശീയ പതാക ഉയര്‍ത്തേണ്ടത്. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂല്‍ക്കുന്നതോ നെയ്തതോ മെഷീനില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം. ദേശീയ പതാക ദീര്‍ഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാല്‍ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങിയ ഫ്‌ളാഗ് കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയര്‍ത്താന്‍ പാടില്ല.

Tags:    

Similar News