ഹജ്ജ് ഹൗസ് നിര്‍മാണത്തിന് ഭൂമി അനുവദിച്ചതിനെതിരേ ഡല്‍ഹിയില്‍ ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണവും റാലിയും
ന്യൂഡല്‍ഹി: ഹജ്ജ് ഹൗസ് നിര്‍മാണത്തിന് ഭൂമി അനുവദിച്ചതിനെതിരേ ഡല്‍ഹിയില്‍ ഹിന്ദുത്വരുടെ റാലിയും വിദ്വേഷപ്രസംഗവും. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ വെള്ളിയാഴ്ചയാണ് റാലി നടന്നത്. റാലിയില്‍ ദ്വാരക പ്രദേശത്തെ ഏതാനും താമസക്കാരും പങ്കെടുത്തു.
റാലിയില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും മുഴങ്ങി. ഈ ഭൂമി ഹിന്ദുക്കളുടെതാണെന്നും തീരുമാനങ്ങള്‍ ഞങ്ങളെടുക്കുമെന്നുമായിരുന്നു ഉയര്‍ന്ന മറ്റൊരു മുദ്രാവാക്യം.
റാലിയുടെയും പ്രസംഗങ്ങളുടെയും ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി അപ് ലോഡ് ചെയ്തിരുന്നു. ഹജ്ജ് ഹൗസിന് ഭൂമി അനുവദിച്ചാല്‍ മുസ് ലിംകള്‍ കൂടുതല്‍ ഭൂമി തട്ടിയെടുത്ത് പള്ളി പണിയുമെന്നും മദ്രസയും ശ്മശാനവും നിര്‍മിക്കുമെന്നും റാലിയെ അഭിസംബോധന ചെയ്ത പ്രദേശവാസികൂടിയായി അഖില്‍ ബെശ്വാള്‍ പറഞ്ഞു. ഹിന്ദുക്കള്‍ ഐക്യപ്പെടണമെന്നും അഖില്‍ ആവശ്യപ്പെട്ടു. ഒരു രാത്രികൊണ്ട് കശ്മീരില്‍ നിന്ന് പോകേണ്ടിവന്നതുപോലെ ഹിന്ദുക്കള്‍ ഡല്‍ഹി വിടേണ്ടിവരുമെന്നായിരുന്നു അയാള്‍ പ്രസംഗിച്ചത്.
ഭൂമി അനുവദിച്ചതിനെതിരേ ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേധാവികൂടിയായ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാളിന് ദ്വാരക നിവാകളുടെ പേരില്‍ ഹിന്ദുത്വര്‍ പരാതി നല്‍കിയിരുന്നു. സെക്റ്റര്‍ 22ല്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാനാണ് ഭൂമി നല്‍കിയത്. ഇത് സാഹോദര്യത്തെയും സമാധാനത്തെയും ലംഘിക്കുമെന്ന് കത്തില്‍ പറയുന്നു.