കൊവിഡ് വ്യാപനം വര്‍ധിക്കുന്നു: ഡല്‍ഹി ഹൈക്കോടതി നേരിട്ടുള്ള ഹിയറിംഗ് വെട്ടിക്കുറച്ചു

Update: 2020-09-13 01:37 GMT

ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് -19 കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചതുകൊണ്ടും നിരവധി കോടതി ജീവനക്കാര്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ദില്ലി ഹൈക്കോടതി നേരിട്ടുള്ള ഹിയറിംഗ് പരമാവധി ഒഴിവാക്കാനൊരുങ്ങുന്നു. നേരിട്ട്  കേസ് കേള്‍ക്കുന്ന ബെഞ്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ പുതുക്കിയ പട്ടികയനുസിരിച്ചായിരിക്കും ഹിയറിംഗ് നടക്കുകയെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു.

ഹൈക്കോടതിയിലെ അഞ്ച് ബെഞ്ചുകളാണ് സെപ്റ്റംബര്‍ 1 മുതല്‍ നേരിട്ടുള്ള ഹിയറിംഗ് പുനഃരാരംഭിച്ചത്. പുതിയ സാഹചര്യത്തില്‍ അത് മൂന്നായി കുറയ്ക്കും. മറ്റുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രവര്‍ത്തിക്കും.

ഹൈക്കോടതിയില്‍ ഇതുവരെ 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് ജില്ലാ കോടതികളില്‍ 192 കേസുകളും റിപോര്‍ട്ട് ചെയ്തു. ഹൈക്കോടതി സമുച്ചയത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ബാങ്കിന്റെ ബ്രാഞ്ച് അടുത്തിടെ കൊവിഡ് ബാധയെ തുടര്‍ന്ന് അടച്ചിരിക്കേണ്ടിവന്നിരുന്നു.

ശനിയാഴ്ച, ദില്ലിയില്‍ പുതുതായി 4,321 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,14,069 ആയി. സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ കൊവിഡ് പരിശോധന ശക്തമാക്കിയതോടെ ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിരിക്കയാണ്.  

Tags:    

Similar News