റാഞ്ചി: രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് ഡല്‍ഹി എയിംസിലേക്ക് മാറ്റും. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രി മാറ്റാന്‍ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ വൃക്കയിലും ഹൃദയത്തിലും ചില ഗുരുതരമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സയ്ക്കുവേണ്ടിയാണ് ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നത്- റിംസ് ഡയറക്ടര്‍ കാമേശ്വര്‍ പ്രസാദ് പറഞ്ഞു.
കാലിത്തീറ്റ കുംഭകോണ കേസില്‍ മാര്‍ച്ച് 11 ന് പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഏപ്രില്‍ 1ലേക്ക് മാറ്റിയിട്ടുണ്ട്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ചുമത്തിയ അഞ്ചാമത്തെ കേസിലും സിബിഐ കോടതി അദ്ദേഹത്തെ അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ 60 ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചു.
ഫെബ്രുവരി 15നാണ് യാദവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ക്രമവിരുദ്ധമായി 139.35 കോടി രൂപ ഡോറണ്ട ട്രഷറിയില്‍നിന്ന് പിന്‍വലിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
1997 ജൂണിലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ അദ്ദേഹത്തിനെതിരേ കോടതി നടപടി ആരംഭിച്ചത്.