ആരോഗ്യനില മെച്ചപ്പെട്ടു; വാവ സുരേഷിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി

Update: 2022-02-03 05:13 GMT

കോട്ടയം; മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സ്വയം ശ്വസിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഡോക്ടര്‍മാരോട് അദ്ദേഹം സംസാരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

48 മണിക്കൂര്‍ പ്രധാനമാണെന്നാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാലും 48 മണിക്കൂര്‍ ഐസിയുവില്‍തന്നെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 

കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. മൂന്നു ദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. സുരേഷിന്റെ വലതു കാലിലാണ് പാമ്പ് കടിച്ചത്.

കാലില്‍ കടിയേറ്റ സുരേഷിനെ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നു.

Tags:    

Similar News